ഇസ്ലമാബാദ്: പശ്ചിമേഷ്യന്‍ പ്രതിസന്ധി പാകിസ്ഥാന്റെ തകര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പതനത്തിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ തന്നെ തുടരുമെന്നും വിദേശനാണ്യ കരുതല്‍ ശേഖരം അപകടകരമായ നിലയിലേക്ക് താഴുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്ത സാമ്പത്തിക വര്‍ഷം പാകിസ്ഥാനിലെ ശരാശരി പണപ്പെരുപ്പം 11 ശതമാനത്തിന് മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 100 ഡോളറായി തുടരുന്നത് കണക്കിലെടുത്താണ് ഈ വിലയിരുത്തല്‍. എണ്ണ വില 120 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ പണപ്പെരുപ്പവും പലിശ നിരക്കും കുത്തനെ കൂട്ടാന്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതരാകും. ഇത് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയെ 2.5 ശതമാനത്തിലേക്ക് ചുരുക്കിയേക്കും.
ഊര്‍ജ ആവശ്യങ്ങള്‍ക്കായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന പാകിസ്ഥാന് എണ്ണ വിലയിലെ ഓരോ പത്ത് ഡോളറിന്റെ വര്‍ധനവും താങ്ങാനാവാത്ത ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം പെട്രോളിയം ഇറക്കുമതിക്കായി മാത്രം 15 ബില്യണ്‍ ഡോളര്‍ ചിലവാക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതോടെ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി എട്ട് ബില്യണ്‍ ഡോളര്‍ കടന്നേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കൂടാതെ പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 298 എന്ന നിലയിലേക്ക് ഇടിയുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.