പശ്ചിമ ബംഗാളില്‍ കൂട്ടരാജി; സ്ഥാനം ഒഴിഞ്ഞവരില്‍ മമതയുടെ വിശ്വസ്തരും

പശ്ചിമ ബംഗാളില്‍ കൂട്ടരാജി; സ്ഥാനം ഒഴിഞ്ഞവരില്‍ മമതയുടെ വിശ്വസ്തരും

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനര്‍ജിയുടെ ഏറ്റവും വിശ്വസ്തരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രാജിവെച്ചൊഴിഞ്ഞു. സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാരായ ആലാപന്‍ ബന്ദോപാധ്യായ, എച്ച്.കെ ദ്വിവേദി എന്നിവരാണ് മുഖ്യ ഉപദേശക സ്ഥാനങ്ങള്‍ രാജിവെച്ചത്. ഇവര്‍ക്ക് പുറമെ മമതയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സര്‍ക്കാര്‍ എന്നിവരും രാജിവെച്ചു.

അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത നേരത്തെ തന്നെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. മമത ബാനര്‍ജിയുടെ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നവരാണ് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍. പ്രത്യേകിച്ച് ആലാപന്‍ ബന്ദോപാധ്യായ, കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് വിരമിച്ച ശേഷം മമതയുടെ പ്രത്യേക ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തിയാണ്.

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ, തൃണമൂല്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന മറ്റ് നിരവധി ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സ്ഥാനമൊഴിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. പരാജയപ്പെട്ടെങ്കിലും താന്‍ രാജിവെയ്ക്കില്ലെന്നും പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുമെന്നുമാണ് മമത ബാനര്‍ജി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.