കാലിഫോർണിയ: ദൈവവിളിയുടെ വാതിലുകൾ എപ്പോൾ വേണമെങ്കിലും തുറക്കപ്പെടാമെന്ന് ലോകത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് തൊണ്ണൂറ്റിയെട്ടാം വയസിൽ കത്തോലിക്കാ സഭയുടെ വിശ്വാസക്കൂട്ടായ്മയിലേക്ക് ചേർക്കപ്പെട്ട് വിർജീനിയ എയ്ഡസൻ. കാലിഫോർണിയയിലെ ഓക്‌സ്‌നാർഡ് സെന്റ് ക്ലെയർ ഇടവകയിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടയിലാണ് വിർജീനിയ ജ്ഞാനസ്നാനം സ്വീകരിച്ചത്. നേരത്തെ സഭയിൽ ചേർന്ന മകൻ ബ്രൂസ് തന്നെ സ്വന്തം അമ്മയ്ക്ക് ജ്ഞാനസ്നാന പിതാവായി (തലതൊട്ടപ്പൻ) മാറിയെന്നത് ഈ ശുശ്രൂഷയെ കൂടുതൽ സവിശേഷമാക്കി.
ഒരു നൂറ്റാണ്ടോളം നീണ്ട വിർജീനിയയുടെ ജീവിതം കഷ്ടപ്പാടുകളും അതിജീവനവും നിറഞ്ഞതായിരുന്നു. പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും വേദനകളും ഭർത്താവിന്റെ വിയോഗവും ആ മനസിനെ പാകപ്പെടുത്തി. ദീർഘകാലമായി മകനോടൊപ്പം സെന്റ് ക്ലെയർ ദേവാലയത്തിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും പൂർണമായി സഭയുടെ ഭാഗമാകാനുള്ള തീരുമാനം പെട്ടെന്നായിരുന്നു.
"ഒരു രാത്രിയിൽ ഉണ്ടായ ആത്മീയമായ ഉൾപ്രേരണയാണ് എന്റെ ചിന്തകളെ മാറ്റിയത്. പിറ്റേന്ന് തന്നെ ഞാൻ മകനോട് എന്റെ ആഗ്രഹം വെളിപ്പെടുത്തി," - വിർജീനിയ സഭാനിയമങ്ങൾ പഠിച്ച ശേഷം പറഞ്ഞു.
തന്റെ മകനിൽ കണ്ട ആത്മീയ മാറ്റമാണ് വിർജീനിയയെയും സഭയിലേക്ക് ആകർഷിച്ചത്. പ്രായം എന്നത് കേവലം അക്കങ്ങൾ മാത്രമാണെന്നും പരിശുദ്ധാത്മാവ് നൽകുന്ന പ്രചോദനത്തിന് കീഴടങ്ങാൻ ഏതൊരു പ്രായവും അനുയോജ്യമാണെന്നും വിർജീനിയയുടെ ഈ മാറ്റം നമ്മെ ഓർമ്മിപ്പിക്കുന്നു.