മനാമ: ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐആര്‍ജിസി) രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ യുവതിക്ക് ബഹ്റിന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബഹ്റിനിലെ സൈനിക, സാമ്പത്തിക കേന്ദ്രങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇറാനിയന്‍ ഏജന്‍സികള്‍ക്ക് കൈമാറി എന്ന കുറ്റത്തിനാണ് ശിക്ഷ.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളുടെ കോര്‍ഡിനേറ്റുകളും ചിത്രങ്ങളും മറ്റൊരു രാജ്യത്തിന് രഹസ്യമായി കൈമാറിയത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് കോടതി കണ്ടെത്തി. രാജ്യത്തിന്റെ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.
ബഹ്റിനെതിരായ ഇറാനിയന്‍ അധിനിവേശത്തെ പ്രകീര്‍ത്തിക്കുന്നതിനും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ദുരുപയോഗം ചെയ്തതായും അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സൈബര്‍ ക്രൈം യൂണിറ്റ് എന്നിവരാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടന്ന നിരീക്ഷണത്തിനിടെയാണ് സുപ്രധാന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കുന്ന അക്കൗണ്ട് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.