കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 1275 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. പവന് 10,200 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,23,220 രൂപയായി.
നിലവില്‍ ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് അഞ്ചിനായിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.
വെള്ളി വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയര്‍ത്തിയത്.
ഇതിനു പുറമെ അഞ്ചുശതമാനം അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് സെസ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിന്റെ വര്‍ധനവാണ് നിലവില്‍ വന്നിരിക്കുന്നത്. നേരത്തെ ഇത് ആറ് ശതമാനം ആയിരുന്നു.
വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാന്‍ ഒരു വര്‍ഷത്തേക്കെങ്കിലും സ്വര്‍ണ ഉപഭോഗം കുറയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. നിലവില്‍ തന്നെ റെക്കോര്‍ഡ് വിലയില്‍ നില്‍ക്കുന്ന സ്വര്‍ണത്തിന് പുതിയ നികുതി വര്‍ധനവ് വലിയ തിരിച്ചടിയാകും. വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.