നീറ്റ് പുനപരീക്ഷ ജൂൺ 21 ന്‌ ; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

നീറ്റ് പുനപരീക്ഷ ജൂൺ 21 ന്‌ ; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റി വച്ച നീറ്റ് യുജി പരീക്ഷയുടെ തീയതി പുറത്ത്. പരീക്ഷ ജൂൺ 21 ന് നടക്കുമെന്ന് എൻടിഎ അറിയിച്ചു. വിദ്യാര്‍ഥികള്‍ പരീക്ഷക്കായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

എത്രയും വേഗം പുനപരീക്ഷ തീയതി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് പരീക്ഷാ തീയതിയിൽ തീരുമാനമായത്.

പരീക്ഷയുമായി ബന്ധപ്പെട്ട ആധികാരിക അപ്‌ഡേറ്റുകൾക്കും മറ്റ് വിവരങ്ങൾക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും എൻ‌ടി‌എ ഉദ്യോഗാർഥികൾക്കും രക്ഷിതാക്കൾക്കും നിർദേശം നൽകി. പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 011-40759000, 011-69227700 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

22 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും പുനഃപരീക്ഷയ്ക്ക് പുതിയ രജിസ്ട്രേഷനും പരീക്ഷാ ഫീസും ആവശ്യമില്ലെന്നും എൻ‌ടി‌എ വ്യക്തമാക്കിയിരുന്നു.

മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.