മാർപാപ്പയുടെ സ്പെയിൻ സന്ദർശനം: ഔദ്യോഗിക ഉൽപ്പന്നങ്ങളുടെ വിപണനം മെയ് 18 മുതൽ; വരുമാനം സന്ദർശന ചിലവുകൾക്കായി

മാർപാപ്പയുടെ സ്പെയിൻ സന്ദർശനം: ഔദ്യോഗിക ഉൽപ്പന്നങ്ങളുടെ വിപണനം മെയ് 18 മുതൽ; വരുമാനം സന്ദർശന ചിലവുകൾക്കായി

മാഡ്രിഡ്: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയുടെ വരാനിരിക്കുന്ന സ്പെയിൻ സന്ദർശനത്തിനായുള്ള ഔദ്യോഗിക സ്മരണികകളുടെയും ഉൽപ്പന്നങ്ങളുടെയും വിൽപന ആരംഭിക്കുന്നു.

ജൂൺ ആറ് മുതൽ 12 വരെ മാഡ്രിഡ് ബാഴ്‌സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിലാണ് പാപ്പയുടെ ചരിത്രപ്രധാനമായ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ഈ മഹാമഹത്തിന്റെ വലിയൊരു ഭാഗം ചിലവുകൾ കണ്ടെത്തുന്നത് ഈ ഉൽപന്നങ്ങളുടെ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നായിരിക്കും.

വിശ്വാസികൾക്കും പൊതുജനങ്ങൾക്കും മെയ് 18 തിങ്കളാഴ്ച മുതൽ ഈ ഉൽപ്പന്നങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്. പ്രമുഖ ആഗോള റീട്ടെയിൽ ശൃംഖലയായ എൽ കോർട്ടെ ഇംഗ്ലിസ് ഓൺലൈൻ സ്റ്റോറിലൂടെയും സന്ദർശനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇവ ലഭ്യമാകും.

ടി-ഷർട്ടുകൾ, പോളോ ഷർട്ടുകൾ, തൊപ്പികൾ, വാട്ടർ ബോട്ടിലുകൾ, മഗ്ഗുകൾ, റിസ്റ്റ്ബാൻഡുകൾ, ജപമാലകൾ, ഫാനുകൾ, ഔദ്യോഗിക പതാകകൾ എന്നിവയാണ് ഓൺലൈൻ വഴി ലഭ്യമാവുക.

സന്ദർശനത്തിന്റെ ഔദ്യോഗിക മുദ്രാവാക്യമായ നിങ്ങളുടെ നോട്ടം ഉയർത്തുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഉൽപന്നങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ലിയോ പതിനാലാമൻ പാപ്പയുടെ ചിത്രം സന്ദർശന ലോഗോ എന്നിവയ്ക്ക് പുറമെ റോമിലെ ബിഷപ്പായുള്ള തന്റെ ഒന്നാം വർഷത്തിനിടയിൽ പാപ്പ ലോകത്തോട് പങ്കുവെച്ച ചില പ്രമുഖ വചനങ്ങളും സന്ദേശങ്ങളും ഈ ഉൽപ്പന്നങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ഓൺലൈൻ വിപണനത്തിന് പുറമെ മെയ് 29 മുതൽ സ്പെയിനിലെ പ്രമുഖ നഗരങ്ങളിലെ എൽ കോർട്ടെ ഇംഗ്ലെസിന്റെ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും ജനങ്ങൾക്ക് ഇവ നേരിട്ട് വാങ്ങാം.

മാർപാപ്പ സന്ദർശിക്കുന്ന മാഡ്രിഡ്, ബാഴ്‌സലോണ, ലാസ് പാൽമാസ് ഡി ഗ്രാൻ കാനറിയ, ടെനറിഫ് എന്നീ നഗരങ്ങളിലെയും, കൂടാതെ സരഗോസ, പാംപ്ലോണ എന്നിവിടങ്ങളിലെയും സ്റ്റോറുകളിലാണ് ഇതിനായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കുന്നത്.

മാർപാപ്പയുടെ സന്ദർശനത്തെ വലിയൊരു ജനകീയ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സ്പെയിനിലെ കത്തോലിക്കാ സമൂഹവും ഭരണകൂടവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.