ന്യൂഡല്‍ഹി: ഒരാഴ്ച കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിയെ പിന്തുണച്ച് ഡോ. ശശി തരൂര്‍ എംപി. സിജെപി വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസമല്ലെന്നും പുകയുന്ന ജനരോഷമാണെന്നും പറഞ്ഞ ശശി തരൂര്‍ ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ വലിയ അവസരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയമാണ് കോക്രോച്ച് പാര്‍ട്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നത്. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥ ഈ മുന്നേറ്റം വ്യക്തമാക്കുന്നു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെന്‍സി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് തുടക്കം.