അമേരിക്കയെ അമ്പരപ്പിച്ച് ചൈനയുടെ അസാധാരണ നീക്കം; ആണവ മിസൈൽ സൈറ്റുകൾക്ക് സമീപം 80ലധികം ലോഞ്ച് പാഡുകൾ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അമേരിക്കയെ അമ്പരപ്പിച്ച് ചൈനയുടെ അസാധാരണ നീക്കം; ആണവ മിസൈൽ സൈറ്റുകൾക്ക് സമീപം 80ലധികം ലോഞ്ച് പാഡുകൾ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ബീജിങ്: വിദൂര മരുഭൂമി പ്രദേശത്തുള്ള തന്ത്രപ്രധാനമായ ആണവ മിസൈൽ സൈറ്റുകൾക്ക് സമീപം ചൈന വൻതോതിൽ ലോഞ്ച് പാഡുകള്‍ നിർമ്മിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. ബീജിങ്ങിന്റെ ആണവ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതാണ് ഈ അതിവേഗ നീക്കമെന്നും മുൻപൊരിക്കലും ചൈനയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു തരം തയ്യാറെടുപ്പ് കണ്ടിട്ടില്ലെന്നും അന്താരാഷ്ട്ര ഗവേഷകർ വ്യക്തമാക്കിയതായി പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

മിസൈൽ സംഭരണ കേന്ദ്രങ്ങൾക്ക് ചുറ്റുമായി എൺപതിലധികം പുതിയ വിക്ഷേപണ ലോഞ്ച് പാഡുകളും കൂറ്റൻ സൈനിക ബങ്കറുകളുമാണ് അതിവേഗം നിർമ്മിക്കപ്പെടുന്നത്. ചൈനയിലെ സ്ട്രാറ്റജിക് മിസൈൽ ഫീൽഡുകൾ സ്ഥിതി ചെയ്യുന്ന ഷിൻജിയാങ്, ഗാൻസു എന്നീ പ്രവിശ്യകളിലാണ് നിലവിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.

ശത്രുരാജ്യങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള ആണവാക്രമണങ്ങളെ പ്രതിരോധിക്കാനും ഒപ്പം ശക്തമായി തിരിച്ചടിക്കാനുമാണ് ചൈന ഈ ലോഞ്ച് പാഡുകൾ നിർമ്മിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

"ചൈനയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ഇതുവരെയും ഞാൻ കണ്ടിട്ടില്ല. ഇത് തികച്ചും അസാധാരണവും ഭീമവുമായ ഒരു പരിശ്രമം തന്നെയാണ്."- ഹാൻസ് ക്രിസ്റ്റെൻസൻ (ഡയറക്ടർ, ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് ന്യൂക്ലിയർ ഇൻഫർമേഷൻ പ്രൊജക്ട്) പറഞ്ഞു.

ആഗോളതലത്തിൽ ചൈനയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ആണവ ശേഷി വർധിപ്പിക്കാനുള്ള കടുത്ത മത്സരമാണ് ഇപ്പോഴത്തെ ഈ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുടെ ഈ പുതിയ സൈനിക സജ്ജീകരണം ഏഷ്യൻ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ശക്തി സമവാക്യങ്ങളെ വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണമാക്കിയേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.