മെക്സിക്കോയിൽ സക്രാരിയും തിരുവോസ്തിയും മോഷ്ടിച്ച വിശ്വാസിക്ക് സഭാഭ്രഷ്ട്; പരിഹാര പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്ത് രൂപതാധ്യക്ഷൻ

മെക്സിക്കോയിൽ സക്രാരിയും തിരുവോസ്തിയും മോഷ്ടിച്ച വിശ്വാസിക്ക് സഭാഭ്രഷ്ട്; പരിഹാര പ്രാർത്ഥനകൾക്ക് ആഹ്വാനം ചെയ്ത് രൂപതാധ്യക്ഷൻ

സിനലോവ (മെക്സിക്കോ): ദേവാലയത്തിൽ അതിക്രമിച്ചു കയറി തിരുവോസ്തി സൂക്ഷിച്ചിരുന്ന സക്രാരി ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോയ വ്യക്തിക്കെതിരെ കത്തോലിക്കാ സഭയുടെ പരമാവധി ശിക്ഷയായ സഭാഭ്രഷ്ട് പ്രഖ്യാപിച്ചു. മെക്സിക്കോയിലെ കുലിയാകാൻ രൂപതാ മെത്രാൻ മോൺസിഞ്ഞോർ ജെസസ് ജോസ് ഹെരേര ക്വിണോണസാണ് അഗാധമായ ദൈവനിന്ദയ്ക്കെതിരെ കർശന നടപടിയുമായി ഉത്തരവിറക്കിയത്.

മെയ് 27-ന് സിനലോവ സംസ്ഥാനത്തെ ഹിഗുവേര ഡി സരഗോസയിലുള്ള ഗ്വാഡലൂപ്പ ഇടവക ദേവാലയത്തിലാണ് സഭയെ ഒന്നടങ്കം വേദനിപ്പിച്ച സംഭവം അരങ്ങേറിയത്. പ്രതിഷ്ഠിക്കപ്പെട്ട തിരുവോസ്തി, പൈശാചിക ആരാധനയായ 'ബ്ലാക്ക് മാസ്' ഉൾപ്പെടെയുള്ള ദുരാചാരങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് വിശ്വാസി സമൂഹം.

സഭയുടെ കാനോൻ നിയമസംഹിതയിലെ 1367-ാം വകുപ്പ് മുൻനിർത്തിയാണ് രൂപതാധ്യക്ഷൻ ഈ നടപടി സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ നിയമ പ്രകാരം സമർപ്പിക്കപ്പെട്ട തിരുവോസ്തി നിലത്തെറിയുകയോ ദൈവനിന്ദാപരമായ ആവശ്യങ്ങൾക്കായി കൊണ്ടുപോകുകയോ കൈവശം വെക്കുകയോ ചെയ്യുന്നവർ സ്വയം സഭയ്ക്ക് പുറത്താകുന്നു. വത്തിക്കാന് മാത്രമേ ഈ സഭാഭ്രഷ്ട് പിന്നീട് പിൻവലിക്കാൻ അധികാരമുള്ളൂ.

സഭയുടെ ആരാധനാക്രമ മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന ദൈവനിന്ദയ്ക്ക് പകരമായി തക്കതായ പശ്ചാത്താപ-പ്രായശ്ചിത്ത പരിഹാര പ്രവൃത്തികൾ പൂർത്തിയാക്കുന്നത് വരെ ഈ ഇടവകയിലെ വിശുദ്ധ കുർബാന അർപ്പണം താൽക്കാലികമായി നിർത്തിവെയ്ക്കുമെന്നും ബിഷപ്പ് അറിയിച്ചു.

ദിവ്യകാരുണ്യ നാഥന് നേരെ നടന്ന ഈ അതിക്രമം ക്രൈസ്തവ ജനതയുടെ വിശ്വാസത്തെയും ഭക്തിയെയും ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് മോൺ. ഹെരേര ക്വിണോനെസ് അനുസ്മരിച്ചു. ഈ വലിയ പാപത്തിന് പരിഹാരമായി പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കാനും ദിവ്യകാരുണ്യത്തോടുള്ള സ്നേഹവും ആരാധനയും വർധിപ്പിക്കാനും അദേഹം ആഹ്വാനം ചെയ്തു.

രൂപതാധ്യക്ഷന്റെ പ്രത്യേക ആഹ്വാനപ്രകാരം മെയ് 28 ന് ഗ്വാഡലൂപ്പ ഇടവകയിൽ പൂർണ ഉപവാസ പ്രാർത്ഥനാ ദിനമായി വിശ്വാസികൾ ആചരിച്ചു. ഇടവകയുടെ വിശുദ്ധീകരണത്തിനായി ആഗോള സഭയുടെ പ്രാർത്ഥനയും മെത്രാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.