കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളില്‍ ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് നേരെ കടുത്ത ആള്‍ക്കൂട്ട ആക്രമണം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാപൂരില്‍ ശനിയാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അക്രമാസക്തരായ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ക്രിക്കറ്റ് ഹെല്‍മറ്റ് ധരിപ്പിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തൃണമൂല്‍ നേതാവിനെ കഷ്ടിച്ച് രക്ഷപെടുത്തിയത്.
കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രദേശത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ എംപിയെ വളഞ്ഞത്. അഭിഷേക് ബാനര്‍ജിക്ക് നേരെ ചീമുട്ടയും കല്ലുകളും ചെരിപ്പുകളും എറിഞ്ഞ ആള്‍ക്കൂട്ടം അദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കണ്ണട തല്ലിപ്പൊട്ടിക്കുകയും ചെയ്തു. 'ചോര്‍, ചോര്‍' എന്ന മുദ്രാവാക്യങ്ങളോടെയാണ് ജനക്കൂട്ടം തൃണമൂല്‍ നേതാവിനെ നേരിട്ടത്.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദേഹത്തിന് ചുറ്റും പ്രതിരോധ വലയം തീര്‍ക്കുകയും തലയ്ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ക്രിക്കറ്റ് ഹെല്‍മറ്റ് ധരിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. വന്‍ ജനക്കൂട്ടം ഏറെ ദൂരം വാഹനത്തെ പിന്തുടര്‍ന്ന് പ്രതിഷേധം തുടര്‍ന്നു.
ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ്. സംഭവ സ്ഥലത്ത് മതിയായ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. തന്നെ വധിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അക്രമത്തിനിരയായ കുടുംബങ്ങള്‍ക്ക് പൊലീസ് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നത് വരെ താന്‍ ഇവിടംവിട്ട് പോകില്ല എന്നായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.
ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് അഭിഷേക് ബാനര്‍ജിയും ടിഎംസി നേതാക്കളും ആരോപിച്ചു. പാര്‍ട്ടി നേതാവ് ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. അതേസമയം ആരോപണങ്ങള്‍ ബിജെപി ബംഗാള്‍ ഘടകം പൂര്‍ണമായി നിഷേധിച്ചു. ആക്രമണത്തില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണിതെന്നും ക്രമസമാധാനം പാലിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശക്തമായി അപലപിച്ചു. പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.