ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് താല്‍കാലിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകുന്ന നിര്‍ണായക വിധിയുമായി സുപ്രീം കോടതി. സ്ഥിരം ജീവനക്കാരുടെ അതേ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കാന്‍ നിയമപരമായ അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പെന്‍ഷന്‍ എന്നത് തൊഴിലുടമയുടെ ഔദാര്യമോ ദയാദാക്ഷിണ്യമോ അല്ലെന്നും മറിച്ച് അത് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എ.ജെ മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി.
പെന്‍ഷന്‍ നല്‍കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ശക്തമായ നിരീക്ഷണങ്ങള്‍. പെന്‍ഷന്‍ എന്നത് തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചു നല്‍കേണ്ട ഒന്നല്ല. ഒരാള്‍ തന്റെ ജീവിതത്തിലെ ദീര്‍ഘ കാലത്തെ സേവനത്തിലൂടെ നേടിയെടുത്ത മാറ്റിവെച്ച വേതനം ആണത്. ഭരണഘടനയുടെ 38, 39, 43 അനുച്ഛേദങ്ങള്‍ പ്രകാരം തൊഴിലാളികള്‍ക്ക് സാമൂഹിക-സാമ്പത്തിക നീതി ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഒരു മാതൃകാ തൊഴിലുടമയായിരിക്കണം സര്‍ക്കാരെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശ സ്വത്ത് എന്ന പരിധിയില്‍ വരുന്നതാണ് പെന്‍ഷനെന്നും നിയമപരമായ അധികാരമില്ലാതെ ഇത് തടഞ്ഞുവെക്കാന്‍ ആകില്ലെന്നും ജസ്റ്റിസ് സഞ്ജയ് കരോള്‍ വിധി ന്യായത്തില്‍ കുറിച്ചു.
ബിഹാറില്‍ നിന്നുള്ള ഒരു വിധവയുടെ നീണ്ട 18 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് രാജ്യത്തെ താല്‍കാലിക ജീവനക്കാര്‍ക്ക് മുഴുവന്‍ തുണയാകുന്ന വിധി നേടാനായത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ (നൈറ്റ് ഗാര്‍ഡായി) മൂന്ന് പതിറ്റാണ്ടോളം താല്‍കാലിക ജീവനക്കാരനായിരുന്ന ഭര്‍ത്താവിന്റെ സേവനം, വകുപ്പിന്റെ വീഴ്ചകള്‍ കാരണം സ്ഥിരപ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് അധികൃതര്‍ ഇവര്‍ക്ക് ഫാമിലി പെന്‍ഷന്‍ നിഷേധിക്കുകയായിരുന്നു.
സേവനം സ്ഥിരപ്പെടുത്തിയില്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍, പട്ന ഹൈക്കോടതി എന്നിവടങ്ങളിലെ വിധികള്‍ക്ക് ശേഷമാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള താല്‍കാലിക ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മൂന്ന് മാസത്തിനകം കണക്കാക്കി നല്‍കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.