പുതിയ കുടിയേറ്റ നയവുമായി ഫ്രാന്‍സ്; ഇ.യു ബ്ലൂ കാര്‍ഡ് നിയമങ്ങളില്‍ വന്‍ ഇളവ്

പുതിയ കുടിയേറ്റ നയവുമായി ഫ്രാന്‍സ്; ഇ.യു ബ്ലൂ കാര്‍ഡ് നിയമങ്ങളില്‍ വന്‍ ഇളവ്

പാരിസ്: ഉയര്‍ന്ന യോഗ്യതയുള്ള വിദേശ ജീവനക്കാരെ ആകര്‍ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ കാര്‍ഡ് നിയമങ്ങളില്‍ ഫ്രാന്‍സ് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതുവഴി ഫ്രാന്‍സിലേക്ക് കുടിയേറണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കും വലിയ അവസരമാണ് തുറന്നു കിട്ടുന്നത.

ഇന്ത്യന്‍ ഐടി പ്രൊഫഷനലുകള്‍ക്കാണ് ഈ അവസരം കൂടുതല്‍ വിനിയോഗിക്കാന്‍ സാധിക്കുക. ചുരുങ്ങിയ കരാര്‍ കാലാവധി, വേഗത്തില്‍ ലഭിക്കുന്ന പി.ആര്‍ എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

വിദഗ്ദ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം നേരിടുന്ന ഫ്രാന്‍സിലെ ഐടി, എന്‍ജിനീയറിങ്, ഹെല്‍ത്ത് കെയര്‍, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മുന്‍പ് ഇ.യു ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാന്‍ കുറഞ്ഞത് 12 മാസത്തെ തൊഴില്‍ കരാര്‍ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ആറ് മാസത്തെ കരാര്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഇത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ആശ്വാസം വലുതാണ്.

അപേക്ഷകര്‍ക്ക് ആവശ്യമായ കുറഞ്ഞ ശമ്പള നിരക്ക് ഫ്രാന്‍സിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ 1.5 ഇരട്ടിയായി കുറച്ചു. ഇതോടെ കൂടുതല്‍ തസ്തികകളിലുള്ളവര്‍ക്ക് ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും.

ഉന്നത വിദ്യാഭ്യാസമോ ബിരുദമോ ഇല്ലാത്തവര്‍ക്കും ഏഴ് വര്‍ഷത്തിനിടയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ നിശ്ചിത തസ്തികകളില്‍ ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്ന ഇളവുകളും ഫ്രാന്‍സ് കൊണ്ടു വരുന്നുണ്ട്. പുതിയ ഇളവുകള്‍ പ്രകാരം ബ്ലൂ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പതിനെട്ട് മാസത്തെ താമസത്തിന് ശേഷം ഫ്രാന്‍സില്‍ സ്ഥിര താമസത്തിനായി അപേക്ഷിക്കാനാകും.

പുതിയ പരിഷ്‌കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളിലേക്ക് മാറാനുള്ള എളുപ്പ വഴിയാണ്. ഒരു രാജ്യത്ത് നിന്ന് ബ്ലൂ കാര്‍ഡ് ലഭിച്ച് 12 മാസം കഴിഞ്ഞാല്‍ വിസയില്ലാതെ തന്നെ ഫ്രാന്‍സിലേക്ക് വരാനും ജോലിയില്‍ പ്രവേശിച്ച ശേഷം ഒരു മാസത്തിനകം ഫ്രഞ്ച് ബ്ലൂ കാര്‍ഡിനായി അപേക്ഷിക്കാനും സാധിക്കും.

ഹ്രസ്വകാല പ്രോജക്റ്റുകള്‍ക്കായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് വരുന്നവര്‍ക്ക് 90 ദിവസം വരെ പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യാനും അനുവാദമുണ്ട്.

സാധാരണ വര്‍ക്ക് പെര്‍മിറ്റുകളെപ്പോലെ വിദേശ ജീവനക്കാരെ നിയമിക്കുന്നതിന് മുന്‍പ് പ്രാദേശികമായി ഉദ്യോഗാര്‍ത്ഥികളെ തിരയുന്ന 'ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ്' ഫ്രാന്‍സില്‍ ബ്ലൂ കാര്‍ഡ് അപേക്ഷകര്‍ക്ക് ആവശ്യമില്ല. ഇത് വിസ പ്രൊസസിങ് സമയം ഗണ്യമായി കുറയ്ക്കും.

ഇതുകൂടാതെ, ബ്ലൂ കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് തങ്ങളുടെ കുടുംബത്തെയും ഫ്രാന്‍സിലേക്ക് ഒപ്പം കൂട്ടാം. കുടുംബാംഗങ്ങള്‍ക്കും ഫ്രാന്‍സിലെ മികച്ച ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനൊപ്പം ഇവിടുത്തെ തൊഴില്‍ വിപണിയില്‍ നേരിട്ട് പ്രവേശിക്കാനുള്ള അവകാശവും പുതിയ നിയമങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. യൂറോപ്പില്‍ മികച്ച കരിയര്‍ സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഫ്രാന്‍സിന്റെ ഈ പുതിയ കുടിയേറ്റ നയം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.