ടെഹ്റാന്‍: അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാന്‍. എന്നാല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് യു.എസ് സൈന്യം അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിനടുത്ത് അമേരിക്കന്‍ വിമാനം തങ്ങളുടെ എണ്ണ ടാങ്കറും ടെലി കമ്മ്യൂണിക്കേഷന്‍ ടവറും ആക്രമിച്ചതിനുള്ള പ്രതികാരമായിട്ടാണ് പ്രത്യാക്രമണങ്ങളെന്നാണ് ഇറാന്‍ സൈന്യം അവകാശപ്പെട്ടിരിക്കുന്നത്.
അമേരിക്കയാണ് ആദ്യം ഇറാന്‍ കപ്പലിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കപ്പലിന്റെ എഞ്ചിന്‍ റൂമിന് കേടുപാടുകള്‍ സംഭവിച്ചതായി ഐആര്‍ജിസി അറിയിച്ചു. ഇതിന് പ്രതികാരമായി അമേരിക്കന്‍-ഇസ്രയേലി ബന്ധമുള്ള എം.എസ്.സി പനായ എന്ന കപ്പലിന് നേരെ ഇറാന്‍ നാവിക സേന മിസൈല്‍ തൊടുത്തു.
തുടര്‍ന്ന് അമേരിക്കന്‍ സേന ഖേശ്മ് ദ്വീപിന്റെ തെക്കന്‍ ഭാഗത്തുള്ള തങ്ങളുടെ കമ്മ്യൂണിക്കേഷന്‍സ് ടവര്‍ ലക്ഷ്യമിട്ടതായി ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. പിന്നീടാണ് ബഹ്റിനിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിനും മേഖലയിലെ ഒരു യു.എസ് നാവിക താവളത്തിനും നേരെ ആക്രമണം നടത്തിയതായി ഐര്‍ആര്‍ജിസി അവകാശപ്പെടുന്നത്.
അമേരിക്കന്‍ സേനയ്‌ക്കെതിരായ എല്ലാ ഇറാനിയന്‍ ആക്രമണങ്ങളും പരാജയപ്പെടുത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനിയന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സേന ജാഗ്രത പാലിക്കുകയും സജ്ജരായിരിക്കുകയും ചെയ്യുന്നുവെന്നും അമേരിക്ക വ്യക്തമാക്കി. അഞ്ചാം കപ്പല്‍പ്പടയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ വാദം തെറ്റാണെന്ന് അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.