പ്രകൃതിയെയും ഭൂമിയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം വന്നിരിക്കുകയാണ്. മനുഷ്യന്റെ വിവേചന രഹിതമായ ഇടപെടലുകള്‍ കാരണം ആഗോള താപനവും പ്രകൃതി ക്ഷോഭങ്ങളും പതിവ് കാഴ്ചയായി മാറിയ ഈ കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ആചാരമല്ല മറിച്ച് നമ്മുടെ നിലനില്‍പ്പിന്റെ പോരാട്ടമാണ്.
'ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തിക്കുള്ളതില്ല' എന്ന ഗാന്ധിജിയുടെ വരികള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമാണ്. വന നശീകരണവും പ്ലാസ്റ്റിക് മലിനീകരണവും വായു മലിനീകരണവും ചേര്‍ന്ന് ഭൂമിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമ്പോള്‍, നമ്മള്‍ ഓരോരുത്തരും വ്യക്തിപരമായ തലത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
1972 ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത് മുതല്‍ നാളിതുവരെ നമ്മള്‍ കാതങ്ങള്‍ സഞ്ചരിച്ചെങ്കിലും വെല്ലുവിളികള്‍ ഇപ്പോഴും ബാക്കിയാണ്.
2026 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് ചരിത്ര പ്രസിദ്ധമായ സില്‍ക്ക് റൂട്ടിന്റെ കേന്ദ്രമായ അസര്‍ബൈജാന്‍ റിപ്പബ്ലിക്കാണ്. തലസ്ഥാനമായ ബാക്കുവിലാണ് പ്രധാന ഔദ്യോഗിക പരിപാടികള്‍ നടക്കുന്നത്.
ഉപോഷ്ണമേഖലാ വനങ്ങള്‍ മുതല്‍ ആല്‍പൈന്‍ ആവാസ വ്യവസ്ഥകള്‍ വരെയുള്ള എട്ടോളം വൈവിധ്യമാര്‍ന്ന കാലാവസ്ഥാ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന അസര്‍ബൈജാന്‍ ലോകത്തിന് മുന്നില്‍ വലിയൊരു ഹരിത മാതൃകയാണ്.
'പ്രകൃതിയാല്‍ പ്രചോദിതമായി; കാലാവസ്ഥയ്ക്കായി, നമ്മളുടെ ഭാവിയ്ക്കായി' (Inspired by Nature. For Climate. For Our Future) എന്ന പ്രമേയവുമായാണ് അസര്‍ബൈജാന്‍ ഈ പരിസ്ഥിതി ദിനം കൊണ്ടാടുന്നത്.
ഭൂമിയെ കാക്കാന്‍ കൈകോര്‍ക്കാം
ലോകമെമ്പാടും അടിക്കടിയുണ്ടാകുന്ന ഉഷ്ണ തരംഗങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, വെള്ളപ്പൊക്കം, വറ്റി വരണ്ട ജലാശയങ്ങള്‍ എന്നിവ ഭൂമിയുടെ നിലവിളിയുടെ തെളിവുകളാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണം എന്നത് എന്നത്തേക്കാളും അടിയന്തിര പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെയെല്ലാം പങ്കിട്ട ഉത്തരവാദിത്തമാണെന്ന ശക്തമായ ഓര്‍മ്മപ്പെടുത്തലാണ് ഓരോ ലോക പരിസ്ഥിതി ദിനവും നല്‍കുന്നത്.
ഈ ആചരണത്തിന് തുടക്കം കുറിച്ചിട്ട് അഞ്ച് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും പ്രകൃതിയോടുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുനര്‍ വിചിന്തനം നടത്താന്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഈ ദിനം നിരന്തരം പ്രചോദനം നല്‍കുന്നു. വരും തലമുറകള്‍ക്കായി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഗ്രഹം ഉറപ്പാക്കാന്‍ ഇന്ന് നമ്മള്‍ നടത്തുന്ന അര്‍ത്ഥവത്തായ ഓരോ പരിസ്ഥിതി പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണ്. ഭൂമിയെ വീണ്ടെടുക്കാന്‍ ഇനി വാക്കുകളല്ല ദീര്‍ഘ വീക്ഷണത്തോടെയുള്ള ശക്തമായ പ്രവൃത്തികളാണ് ആവശ്യം.