ഡി.കെ മന്ത്രിസഭയില്‍ പൊട്ടിത്തെറി തുടരുന്നു; രാമലിംഗ റെഡ്ഡിയ്ക്ക് പിന്നാലെ മുനിയപ്പയും രാജിയിലേക്കെന്ന് സൂചന

ഡി.കെ മന്ത്രിസഭയില്‍ പൊട്ടിത്തെറി തുടരുന്നു; രാമലിംഗ റെഡ്ഡിയ്ക്ക് പിന്നാലെ മുനിയപ്പയും രാജിയിലേക്കെന്ന് സൂചന

ബംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ ഡി.കെ ശിവകുമാര്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ലഭിച്ച വകുപ്പില്‍ അതൃപ്തി അറിയിച്ച് മറ്റൊരു മുതിര്‍ന്ന നേതാവായ കെ.എച്ച് മുനിയപ്പയും രംഗത്തെത്തി.

വകുപ്പ് വിഭജനത്തില്‍ ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം. അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജി വച്ചിരുന്നു. ബംഗളൂരു നഗര വികസന വകുപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാമലിംഗയുടെ രാജി. ഡി.കെ ശിവകുമാര്‍ പുതിയ മന്ത്രിസഭ രൂപീകരിച്ച് രണ്ടാം ദിവസമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത ശേഷം ക്യാമറകള്‍ക്ക് മുന്നിലായിരുന്നു രാമലിംഗ റെഡ്ഡി തന്റെ രാജിക്കത്തില്‍ ഒപ്പുവച്ചത്.

മനസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും എംഎല്‍എ ആയും പാര്‍ട്ടി പ്രവര്‍ത്തകനായും തുടരുമെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബംഗളൂരു വികസന വകുപ്പ് തനിക്ക് നല്‍കാമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നതായും എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ ആ വാഗ്ദാനം ലംഘിച്ചുവെന്നും അതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമായിരുന്നു രാമലിംഗ റെഡ്ഡിയുടെ വിശദീകരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.