വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന അസര്‍ബൈജാനിലും ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്‍ഡിലുമടക്കം ഇസ്രയേലിന് രഹസ്യ താവളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഈ താവളങ്ങളില്‍ ഇസ്രയേല്‍ തങ്ങളുടെ സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളെ വിന്യസിച്ചതായും വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ യുദ്ധത്തിനിടെ ഇസ്രയേല്‍ അസര്‍ബൈജാന്‍ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ രഹസ്യ സൈനിക താവളമായി ഉപയോഗിച്ചിരുന്നു.
ഇറാന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ അസര്‍ബൈജാനിലെ ചില കേന്ദ്രങ്ങളിലാണ് ഇസ്രയേലിന്റെ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിച്ചത്. പ്രത്യേക കമാന്‍ഡോ ഓപ്പറേഷന്‍ വിഭാഗങ്ങള്‍, വ്യോമ സേനയുടെ പ്രധാന രക്ഷാ പ്രവര്‍ത്തന വിഭാഗം, മൊസാദ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സൈനിക-രഹസ്യാന്വേഷണ സംഘങ്ങളാണ് അസര്‍ബൈജാനിലുണ്ടായിരുന്നത്.
ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയ ഇറാനിലെ തബ്രീസ് നഗരത്തില്‍ നിന്ന് 60 മൈല്‍ മാത്രം അകലെയായിരുന്നു അസര്‍ബൈജാന്‍ താവളം. ഇവിടെ നിന്നും ഇറാനിലേക്ക് ഡ്രോണ്‍ നിരീക്ഷണം നടത്തുകയും വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു. യുദ്ധസമയത്ത് വടക്കന്‍ ഇറാനില്‍ നിരീക്ഷണം നടത്താനാണ് ഇസ്രയേല്‍ ഈ രഹസ്യ താവളങ്ങള്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇറാനെതിരായ യുദ്ധത്തില്‍ അയല്‍ രാജ്യങ്ങളെ ഇസ്രയേല്‍ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നത്. അസര്‍ബൈജാന്‍ കൂടാതെ ഇറാഖ്, സൊമാലിലാന്‍ഡ്, ചില ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇസ്രായേല്‍ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ താവളങ്ങള്‍ വഴി ഇറാന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് അതിര്‍ത്തികളില്‍ തങ്ങളുടെ സൈന്യത്തെ അണിനിരത്താന്‍ ഇസ്രയേലിന് കഴിഞ്ഞു. ഇറാനില്‍ ആക്രമണം വ്യാപിപ്പിക്കാന്‍ ഇസ്രയേലിനെ ഇത് സഹായിച്ചു. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ പല വ്യോമാക്രമണങ്ങളും ഈ താവളങ്ങളില്‍ നിന്നായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അമേരിക്കയിലെ അസര്‍ബൈജാന്‍ എംബസി വക്താവ് അറിയിച്ചു. ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും അസര്‍ബൈജാന്‍ അറിയിച്ചു. ഈ വിഷയത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഫ്രിക്കന്‍ തീരത്തുള്ള സ്വയംഭരണ പ്രദേശമായ സൊമാലി ലാന്‍ഡിലാണ് ഇസ്രയേലിന്റെ മറ്റൊരു രഹസ്യ സൈനിക താവളം പ്രവര്‍ത്തിച്ചത്. ഇറാനിലേക്കുള്ള യാത്രകളില്‍ ഇസ്രയേലി പോര്‍ വിമാനങ്ങള്‍ക്ക് തങ്ങാനുള്ള ഇടമായാണ് ഇത് ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ സൊമാലി ലാന്‍ഡ് പ്രതികരിച്ചിട്ടില്ല. സൊമാലി ലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ഇസ്രയേല്‍.