മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

മൈസൂരു: കര്‍ണാടകയിലെ മണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂര്‍ കടുവിനാല്‍ സ്വദേശി അനു മാത്യുവിന്റെ മകള്‍ അലീന സൂസന്‍ അനു (20) ആണ് മരിച്ചത്. മണ്ഡ്യയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഇന്തുവാലുവിലെ സര്‍വീസ് റോഡില്‍ വെച്ചായിരുന്നു അപകടം. അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അലീന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (മിംസ്) പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സുവര്‍ണ കര്‍ണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും ഔദ്യോഗിക നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

സൗദി അറേബ്യയിലുള്ള മാതാപിതാക്കള്‍ നാട്ടിലെത്തിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. ലിന്‍സി സൂസന്‍ അനുവാണ് മാതാവ്. സഹോദരന്‍: അലന്‍ അനു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.