എസ്.എം.സി.എ കുവൈറ്റിന് പുതിയ കേന്ദ്ര ഭരണ സമിതി; സുനില്‍ തോമസ് പ്രസിഡന്റ്, ടോമി സിറിയക് ജനറല്‍ സെക്രട്ടറി

എസ്.എം.സി.എ കുവൈറ്റിന് പുതിയ കേന്ദ്ര ഭരണ സമിതി; സുനില്‍ തോമസ് പ്രസിഡന്റ്, ടോമി സിറിയക് ജനറല്‍ സെക്രട്ടറി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ പ്രവാസി സാംസ്‌കാരിക സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എസ്.എം.സി.എ) കുവൈറ്റിന്റെ 31-ാമത് കേന്ദ്ര ഭരണ സമിതി നിലവില്‍ വന്നു. സുനില്‍ തോമസ് തൊടുകയില്‍ പ്രസിഡന്റായും, ടോമി സിറിയക് കണിച്ചുകാട്ടില്‍ ജനറല്‍ സെക്രട്ടറിയായും, ജോസ് മത്തായി പൊക്കാലിപടവില്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജൂണ്‍ അഞ്ചിന് നടന്ന പൊതുയോഗത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് ജോസഫ് വാക്യത്തിനാലിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള 35 അംഗ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഇതോടെ സംഘടനയുടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തിന് ഔദ്യോഗിക തുടക്കമായി.

സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമുദായ ശാക്തീകരണവുമായി ഒന്നുചേര്‍ന്ന് കരുത്തോടെ മുന്നേറാം എന്ന് പുതിയ പ്രസിഡന്റ് സുനില്‍ തോമസ് തൊടുകയില്‍ തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കേന്ദ്ര, ഏരിയ, സോണല്‍ തലങ്ങളിലുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ കമ്മിറ്റി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കു പുറമേ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നിവരും കള്‍ച്ചറല്‍ കമ്മിറ്റി, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കമ്മിറ്റി, സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റി, മീഡിയ കമ്മിറ്റി, ബാലദീപ്തി, വനിതാ വിഭാഗം, യുവജന വിഭാഗം, എകെസിസി തുടങ്ങിയ വിവിധ ഉപസമിതികളുടെ കണ്‍വീനര്‍മാരും ചേരുന്നതാണ് സംഘടനയുടെ കേന്ദ്ര ഭരണ സമിതി.

1995 മുതല്‍ കുവൈറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.എം.സി.എ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ്. മൂവായിരത്തിലധികം കുടുംബാംഗങ്ങളും പ്രാഥമിക അംഗങ്ങള്‍ ഉള്‍പ്പെടെ 25,000 ത്തോളം പേരും ഉള്‍പ്പെടുന്ന, സീറോ മലബാര്‍ സഭയുടെ കുവൈറ്റിലെ ഔദ്യോഗിക സംഘടനയാണിത്. കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ, ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് സംഘടന കാഴ്ച വെക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.