ബഹിരാകാശത്ത് 'സ്റ്റോംവാൾ' പ്രതിരോധ മതിൽ; സൗരക്കാറ്റിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ പുതിയ പദ്ധതി

ബഹിരാകാശത്ത് 'സ്റ്റോംവാൾ' പ്രതിരോധ മതിൽ; സൗരക്കാറ്റിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ പുതിയ പദ്ധതി

ന്യൂയോർക്ക്: ഭൂമിയുടെ ആശയ വിനിമയ സംവിധാനങ്ങൾക്കും ഉപഗ്രഹങ്ങൾക്കും വലിയ ഭീഷണിയുയർത്തുന്ന സൗരക്കൊടുങ്കാറ്റുകളെ പ്രതിരോധിക്കാൻ 'സ്റ്റോംവാൾ' എന്ന പേരിൽ പുതിയൊരു ബഹിരാകാശ പദ്ധതിയുമായി ശാസ്ത്രജ്ഞർ രംഗത്ത്. സൂര്യന്റെ ഉപരിതലത്തിലുണ്ടാകുന്ന ശക്തമായ സൗരജ്വാലകളും കണികാ പ്രവാഹങ്ങളും ഭൂമിയുടെ കാന്തികമണ്ഡലത്തിൽ വന്നിടിക്കുന്നത് ജിപിഎസ്, റേഡിയോ സംവിധാനങ്ങളെയും വൈദ്യുത ഗ്രിഡുകളെയും തകരാറിലാക്കാറുണ്ട്.

ആധുനിക ഡിജിറ്റൽ ലോകം ഉപഗ്രഹങ്ങളെയും ഇലക്ട്രോണിക് ഉപകരണങ്ങളെയും അമിതമായി ആശ്രയിക്കുന്നതിനാൽ ഇത്തരം ഭീഷണികളുടെ വ്യാപ്തി വളരെ വലുതാണ്. ഈ സാഹചര്യത്തിലാണ് ബോസ്റ്റൺ, മിഷിഗൻ സർവകലാശാലകളിലെ ഗവേഷകർ ചേർന്ന് ഭൂമിയുടെ സ്വാഭാവിക പ്രതിരോധ കവചം ശക്തിപ്പെടുത്താനുള്ള പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് സ്വാഭാവികമായി പുറന്തള്ളപ്പെടുന്ന പദാർത്ഥങ്ങൾ കാന്തികമണ്ഡലത്തിന് പ്രതിരോധം തീർക്കുന്ന പ്രക്രിയയെ അനുകരിച്ചാണ് ശാസ്ത്രജ്ഞർ സ്റ്റോംവാൾ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം ഭൂമിയുടെ ഭ്രമണത്തിന് ആനുപാതികമായി ആറ് ബഹിരാകാശ പേടകങ്ങൾ വിന്യസിക്കും.

ഈ പേടകങ്ങളിൽ അടങ്ങിയിരിക്കുന്ന ബേരിയം അല്ലെങ്കിൽ ലിഥിയം പോലുള്ള രാസവസ്തുക്കൾ ബഹിരാകാശത്തേക്ക് തുറന്നുവിടുമ്പോൾ 'ഫോട്ടോഅയോണൈസേഷൻ' പ്രക്രിയയിലൂടെ അവയ്ക്ക് ഇലക്ട്രിക് ചാർജ് ലഭിക്കുകയും ഭൂമിക്ക് ചുറ്റും ശക്തമായ ഒരു പ്ലാസ്മ കവചം രൂപപ്പെടുകയും ചെയ്യും.

സൗരക്കാറ്റിൽ നിന്നുള്ള വിനാശകാരിയായ ഊർജത്തെ വ്യതിചലിപ്പിച്ചുവിടാൻ ഈ പ്ലാസ്മ മതിലിന് സാധിക്കുമെന്നും, ഭൗമകാന്തിക കൊടുങ്കാറ്റുകളുടെ തീവ്രത 50 ശതമാനം വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും കംപ്യൂട്ടർ സിമുലേഷനുകൾ വ്യക്തമാക്കുന്നു.

സൗരക്കാറ്റുകൾ സാങ്കേതിക മേഖലയെ മാത്രമല്ല, സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ബാധിക്കുമെന്നതിന് തെളിവാണ് മുൻപുണ്ടായ അനുഭവങ്ങൾ. 2024 മേയിലുണ്ടായ ശക്തമായ സൗരക്കാറ്റ് കർഷകർ ഉപയോഗിക്കുന്ന ജിപിഎസ് സംവിധാനങ്ങളെ തടസപ്പെടുത്തിയിരുന്നു.

വിതയ്ക്കാനും വിളവെടുക്കാനും ഉപയോഗിക്കുന്ന അത്യാധുനിക ട്രാക്ടറുകൾ നിശ്ചലമായതിനെ തുടർന്ന് ദിവസങ്ങളോളം കൃഷി തടസപ്പെടുകയും യുഎസിലെ കർഷകർക്ക് മാത്രം ഏകദേശം 4,175 കോടി രൂപയുടെ (50 കോടി ഡോളർ) വൻ നഷ്ടം സംഭവിക്കുകയും ചെയ്തു.

ഇത്തരം വൻ സാമ്പത്തിക-സാങ്കേതിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാനും ഭാവിയിൽ വരാനിരിക്കുന്ന വലിയ ദുരന്തങ്ങളിൽ നിന്ന് ഭൂമിയെ കാത്തുസൂക്ഷിക്കാനും 'സ്റ്റോംവാൾ' പദ്ധതിക്ക് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.