വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണില്‍ വായു ഗുണനിലവാരത്തില്‍ പെട്ടെന്നുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം. കെട്ടിടത്തിനുള്ളില്‍ അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പെന്റഗണ്‍ ഭാഗികമായി അടച്ചു. ചില നിലകളില്‍ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.
കെട്ടിടത്തിലെ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വായുവിലെ അസ്വാഭാവിക വ്യതിയാനം കണ്ടെത്തിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ആസ്ഥാനം ഭാഗികമായി അടച്ചതെന്നും കൃത്യമായ കാരണം കണ്ടെത്താന്‍ പരിശോധനകള്‍ തുടരുകയാണെന്നും പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കെട്ടിടത്തിലെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നിലകളിലെ ചില കോറിഡോറുകള്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത സുരക്ഷാ കവചങ്ങളും ഗ്യാസ് മാസ്‌കുകളും ധരിച്ച അടിയന്തര രക്ഷാപ്രവര്‍ത്തകരും ആര്‍ലിങ്ടണ്‍ കൗണ്ടിയിലെ പ്രത്യേക ഹസ്മാറ്റ് വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായുനിലവാര തകരാറിന്റെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ കുറച്ച് സമയം കൂടി എടുക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ പെന്റഗണ്‍ 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ ലക്ഷ്യമിട്ട തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്.