ന്യൂഡല്‍ഹി: നീറ്റ്-യുജി പുനപരീക്ഷയ്ക്ക് അതിശക്തമായ സുരക്ഷാ കവചമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ചോദ്യ പേപ്പറുകളും ഒഎംആര്‍ ഉത്തരക്കടലാസുകളും ഉള്‍പ്പെടെയുള്ള അതീവ രഹസ്യ സ്വഭാവമുള്ള പരീക്ഷാ സാമഗ്രികള്‍ക്ക് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും.
ഹൈദരാബാദിലെയും അഹമ്മദാബാദിലെയും പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് രാജ്യത്തമ്പാടുമുള്ള 551ഓളം നഗരങ്ങളിലേക്ക് പരീക്ഷാ സാമഗ്രികള്‍ എത്തിക്കേണ്ടതുണ്ട്. ഇതിനായി വ്യോമ, റോഡ് മാര്‍ഗങ്ങളെയാണ് ആശ്രയിക്കുക. ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജൂണ്‍ 11 മുതല്‍ ജൂണ്‍ 19 വരെ നിലവിലുണ്ടാകും.
പരീക്ഷയ്ക്ക് ശേഷം ഒഎംആര്‍ ഷീറ്റുകളും മറ്റ് പരീക്ഷാ സാമഗ്രികളും തിരികെ എത്തിക്കുന്നതിനും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുണ്ടാകും. പുനപരീക്ഷ പിഴവുകളില്ലാതെ നടത്തുമെന്നും ഫലങ്ങള്‍ കൃത്യസമയത്ത് പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.
എല്ലാ ക്രമീകരണങ്ങളും സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പരീക്ഷ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ധനമന്ത്രാലയവും സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. 22 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ പരീക്ഷ മെയ് 12 ന് റദ്ദാക്കി. തുടര്‍ന്ന് പുനപരീക്ഷ ജൂണ്‍ 21 ന് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ്ഏജന്‍സി അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ ഉള്‍പ്പെടെ 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.