വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിന് ധാരണയായി. വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് പ്രഖ്യാപനം. ജൂണ്‍ 19 ന് ജനീവയില്‍വെച്ച് ഇരു രാഷ്ട്രങ്ങളും കരാറില്‍ ഔദ്യോഗികമായി ഒപ്പുവെയ്ക്കും.
ലബനന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മേഖലകളിലെ എല്ലാത്തരം സൈനിക നീക്കങ്ങളും ഉടനടി അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം അമേരിക്ക പിന്‍വലിക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.
'ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുക. എണ്ണ ഒഴുകട്ടെ.'
കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് നികുതിയില്ലാതെ തുറക്കുന്നതിനും നാവിക ഉപരോധം നീക്കുന്നതിനും താന്‍ പൂര്‍ണ അനുമതി നല്‍കിയതായും അദേഹം വ്യക്തമാക്കി.
കരാറിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ യു.എസ് മരവിപ്പിച്ച ഇറാന്റെ 12 ബില്ല്യന്‍ ഡോളര്‍ വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 60 ദിവസത്തെ അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് 24 ശതകോടി ഡോളറായി ഉയര്‍ന്നേക്കും. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ഇറാന്റെ ആണവ പദ്ധതികള്‍, മറ്റ് ഉപരോധങ്ങള്‍ നീക്കല്‍ എന്നിവയാകും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്നും രണ്ട് മാസത്തിനുള്ളില്‍ അന്തിമ ഉടമ്പടിക്കായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും ഇറാനിയന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗാരിബാബാദി വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കുള്ള ഭാവി ക്രമീകരണങ്ങള്‍ നിശ്ചയിക്കാന്‍ വെള്ളിയാഴ്ച ഇരു വിഭാഗം പ്രതിനിധികളും കൂടിക്കാഴ്ച നടത്തും.
സമാധാന പ്രഖ്യാപനത്തെ ലോക രാഷ്ട്രങ്ങള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇതിനെ നിര്‍ണായകമായ ചുവടുവെപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നി രാജ്യങ്ങള്‍ ഇറാന് മേലുള്ള ഉപരോധങ്ങള്‍ നീക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടായത്. എണ്ണ വില നാല് ശതമാനത്തിലധികം കുറഞ്ഞു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഓഹരി വിപണികള്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തി. എണ്ണ വില കുറയുന്നത് ആഗോളതലത്തില്‍ ഊര്‍ജ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീങ്ങുന്നത് ഇന്ത്യയ്ക്കും വലിയ ആശ്വാസമാകും. ഈ മേഖലയിലെ സംഘര്‍ഷം കാരണം ആഗോളതലത്തില്‍ വിതരണ ശൃംഖലകള്‍ തടസപ്പെടുകയും ഇന്ത്യയില്‍ പാചകവാതക വിതരണത്തില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. വളം പോലുള്ള അവശ്യ സാധനങ്ങളുടെ ഇറക്കുമതിയെയും ബാധിച്ചിരുന്നു. നിലവില്‍ യുദ്ധം അവസാനിച്ചെങ്കിലും വിപണി പൂര്‍ണമായും സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.