വത്തിക്കാന്‍: ദൈവത്തിന്റെ സ്‌നേഹ നിര്‍ഭരമായ കണ്ണുകള്‍ എപ്പോഴും നിങ്ങളുടെ മേലുണ്ടെന്ന് ആഗോള വയോജന ദിനത്തോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 'ഞാന്‍ നിന്നെ ഒരിക്കലും മറക്കില്ല' എന്ന വചനമാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം.
'കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, എന്റെ നാഥന്‍ എന്നെ മറന്നുപോയി' എന്ന വേദനാജനകമായ ചിന്തയ്ക്കുള്ള മറുപടിയാണ് ആശ്വാസവും പ്രത്യാശയും നല്‍കുന്ന ഈ വാക്കുകളെന്ന് മാപാപ്പ പറഞ്ഞു. പ്രായമായ പലരും തങ്ങള്‍ വിസ്മരിക്കപ്പെട്ടു എന്ന സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
പ്രത്യേകിച്ച് ഏകാന്തത അനുഭവിക്കുമ്പോഴും, വെറുമൊരു രോഗിയായി മാത്രം ചുരുക്കപ്പെടുമ്പോഴും ഈ വേദന അവര്‍ അനുഭവിക്കുന്നുണ്ടെന്ന് പാപ്പ ഓര്‍മിപ്പിച്ചു. അതേസമയം സഭ എല്ലാവരുടെയും അമ്മയാണെന്ന് വീണ്ടും തിരിച്ചറിയാനുള്ള അവസരമാണ് ഈ ദിനാചരണമെന്നും ഏതു പ്രായത്തിലും നമുക്ക് ദൈവത്തിന്റെ മക്കളായി ജീവിക്കാന്‍ സാധിക്കുമെന്നും ലെയോ പാപ്പ കൂട്ടിച്ചേര്‍ത്തു. ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് ആറാമത് ആഗോള വയോജന ദിനമായി ആചരിക്കുന്നത്.
തങ്ങളുടെ മുത്തശ്ശീ മുത്തച്ഛന്മാരെയും പ്രായമായ ബന്ധുക്കളെയും സന്ദര്‍ശിക്കുക, ആരുമില്ലാത്ത വൃദ്ധരെ പോയി കാണുക തുടങ്ങിയ മനോഹരമായ ശീലം പുനരുജ്ജീവിപ്പിക്കാന്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാവരോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. പ്രായമായ തന്റെ മക്കളുടെ സങ്കടങ്ങള്‍ സഭ മനസിലാക്കുന്നുണ്ടെന്നും ഇരുളടഞ്ഞ അവസ്ഥകളില്‍പ്പോലും ദൈവം നമ്മെ നോക്കുന്നുണ്ടെന്നും അവിടുന്ന് നമ്മുടെ പിതാവും അമ്മയുമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു.
വാര്‍ധക്യത്തിലും നമ്മള്‍ ദൈവത്തിന്റെ മക്കളല്ലാതാകുന്നില്ല. ദൈവത്തിന്റെ കരുതല്‍ തിരിച്ചറിയാന്‍ പ്രായം ഒരു തടസമല്ല. ജീവിതത്തിന്റെ അവസാനഘട്ടങ്ങളിലായിരിക്കാം പലരും ദൈവത്തിന്റെ ഈ സ്‌നേഹം കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയുന്നത്. വാര്‍ധക്യത്തിലെ ശാരീരികമായ ബലഹീനതകളെ ഭയപ്പെടേണ്ടതില്ലെന്നും മാര്‍പാപ്പ പറഞ്ഞു.
യുദ്ധങ്ങളും സാമൂഹിക അശാന്തിയും നിറഞ്ഞ ഈ കാലഘട്ടത്തില്‍ തങ്ങളുടെ കൊച്ചുമക്കള്‍ വളര്‍ന്നുവരുന്ന ലോകം എങ്ങനെയുള്ളതായിരിക്കുമെന്നതിനെക്കുറിച്ച് പല മുത്തശീമുത്തച്ഛന്മാരും ആശങ്കാകുലരാണ്. ലോകത്ത് സമാധാനം പുലരുന്നതിനായി തന്നോടൊപ്പം ആത്മാര്‍ഥമായി പ്രാര്‍ഥിക്കാന്‍ പാപ്പ പ്രായമായവരോട് ആവശ്യപ്പെട്ടു.