ടെല്‍ അവീവ്: ഇസ്രയേല്‍-പാലസ്തീന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഹീബ്രോണ്‍ കരാര്‍ ഇസ്രയേല്‍ റദ്ദാക്കി. 1997 ലാണ് കരാര്‍ ഒപ്പുവച്ചത്.
പ്രശസ്തമായ ഓസ്ലോ കരാറിനെ പിന്‍പറ്റി ഇസ്രയേലും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പിഎല്‍ഒ) ഒപ്പുവച്ച കരാര്‍ പ്രകാരം പാലസ്തീന്‍ അതോറിറ്റിക്ക് 80 ശതമാനം സ്ഥലത്ത് പൂര്‍ണ അധികാരം ഉണ്ടായിരുന്നു. ബാക്കി സ്ഥലത്ത് സിവില്‍ അധികാരവും. അതാണ് ഇപ്പോള്‍ ഇസ്രയേല്‍ റദ്ദാക്കിയത്.
ഇസ്രയേല്‍ ധനമന്ത്രി ബെസാലില്‍ സ്മോട്രിക് ആണ് ഹിബ്രോണ്‍ കരാര്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍ തീവ്ര നിലപാടുള്ള വ്യക്തിയാണ് സ്മോട്രിക്. പാലസ്തീനിലെ വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പാലസ്തീന്‍ അതോറിറ്റിക്ക് കീഴിലുള്ള ഹീബ്രോണ്‍ നഗരം ഇതോടെ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി.
ഇസ്രയേലിന്റെ രൂപീകരണത്തോടെ പാലസ്തീന്‍ ഗാസ, വെസ്റ്റ് ബാങ്ക്, ജറുസലേം, കൂടാതെ മറ്റു പ്രദേശങ്ങള്‍ എന്നിങ്ങനെ വിഘടിക്കപ്പെട്ടിരുന്നു. ജറുസലേമിന്റെതുള്‍പ്പെടെയുള്ള നിയന്ത്രണം ഇസ്രയേല്‍ തുടക്കത്തിലേ പിടിച്ചിരുന്നു. വെസ്റ്റ് ബാങ്കും ഗാസയുമാണ് ഇസ്രയേലിന് കീഴടങ്ങാതിരുന്നത്. ഗാസയില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് തുടരുന്നുണ്ടെങ്കിലും പിഎല്‍ഒ ചെയര്‍മാനായിരുന്ന യാസര്‍ അറാഫത്തിന്റെ മരണ ശേഷം വെസ്റ്റ് ബാങ്ക് ഫലത്തില്‍ ഇസ്രായേലിന്റെ കീഴിലാണ്.
ഹീബ്രോണ്‍ കരാര്‍
വെസ്റ്റ് ബാങ്കിലെ സുപ്രധാന നഗരമാണ് ഹീബ്രോണ്‍. ഈ നഗരത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് യാസര്‍ അറാഫത്തും ബെഞ്ചമിന്‍ നെതന്യാഹുവും കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരം ഹീബ്രോണ്‍ നഗരത്തെ രണ്ടാക്കി തിരിച്ചു.
എണ്‍പത് ശതമാനം പാലസ്തീന്‍ അതോറിറ്റിക്ക് കീഴിലും ബാക്കി ഇസ്രയേല്‍ സൈന്യത്തിന് കീഴിലുമായി കരാര്‍ ഒപ്പുവച്ചു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് വികസനം, നഗരാസൂത്രണം, നിര്‍മാണം എന്നിവയുടെ ചുമതല അതോറിറ്റിക്ക് സ്വാധീനമുള്ള ഹീബ്രോണ്‍ മുന്‍സിപ്പാലിറ്റിക്കാണ്.
മുന്‍സിപ്പാലിറ്റിയുടെ നിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റി അധികാരം ഇസ്രയേലിന് മാത്രമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പ്രശസ്തമായ ഇബ്രാഹിമി പള്ളി ഉള്‍പ്പെടുന്ന ഈ പ്രദേശം മുസ്ലിങ്ങള്‍ക്കും ജൂതര്‍ക്കും ഒരുപോലെ പ്രധാനമാണ്. ഇവിടെ കൂടുതലും പാലസ്തീന്‍കാരാണ് ഉള്ളതെങ്കിലും കടുത്ത നിയന്ത്രണത്തിലാണ് ജീവിതം. ജൂത കുടിയേറ്റക്കാരേക്കാള്‍ കൂടുതല്‍ ഇസ്രയേല്‍ സൈനികര്‍ ഇവിടെ തമ്പടിക്കുന്നുണ്ട്.
എന്നാല്‍ ഹീബ്രോണ്‍ കരാര്‍ റദ്ദാക്കിയ ഇസ്രയേല്‍ നടപടി പാലസ്തീന്‍ അതോറിറ്റിയും ഹമാസും തള്ളി. ഇസ്രയേലിന്റെ തീരുമാനം ഇബ്രാഹീമി പള്ളിയെ ബാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പ്രദേശം കൂടിയാണിത്.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടണം എന്ന് പാലസ്തീന്‍ അതോറിറ്റി ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ അന്താരാഷ്ട്ര സമാധാന സേനയുണ്ടായിരുന്നു എങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.