അബുദാബി: കുട്ടികളുടെ സുരക്ഷ മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി യുഎഇ. ഗൾഫ് രാജ്യങ്ങളിൽ ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി യുഎഇ മാറി. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കാനോ ഫീച്ചറുകൾ ഉപയോഗിക്കാനോ അനുവാദമുണ്ടായിരിക്കില്ല. 15 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ നിയന്ത്രണങ്ങളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാവുന്നതാണ്. ഇവർക്ക് മുന്നിലെത്തുന്ന ഉള്ളടക്കങ്ങൾ കൃത്യമായി ഫിൽറ്റർ ചെയ്യുകയും ഉപയോഗ സമയം പരിമിതപ്പെടുത്തുകയും ചെയ്യും.
വരും 12 മാസത്തിനുള്ളിൽ ഈ നിയമം പൂർണ്ണമായി നടപ്പിലാക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇതിനായി കടുത്ത പ്രായം തെളിയിക്കൽ സംവിധാനങ്ങളും സ്വകാര്യതാ സെറ്റിങ്‌സുകളിൽ മാറ്റവും വരുത്തേണ്ടി വരും. വെബ് സൈറ്റുകൾ, സെർച്ച് എഞ്ചിനുകൾ, സ്മാർട്ട് ആപ്ലിക്കേഷനുകൾ, ഗെയിമിങ്, പോഡ്‌കാസ്റ്റ് പ്ലാറ്റ്‌ഫോമുകൾ, ഇ-കൊമേഴ്‌സ് തുടങ്ങിയ യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേകമായി ഒരു 'ചൈൽഡ് സേഫ്റ്റി കൗൺസിലും' രൂപീകരിച്ചിട്ടുണ്ട്. കുട്ടികൾ ദിവസവും ശരാശരി മൂന്ന് മണിക്കൂർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നത് അവരുടെ പഠനത്തെയും ശ്രദ്ധയെയും പ്രതികൂലമായി ബാധിക്കുന്നതായും ഉത്കണ്ഠ വർധിപ്പിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് യുഎഇ ക്യാബിനറ്റ് ഇത്തരമൊരു തീരുമാനമെടുത്തത്. ആരോഗ്യ, വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയന്ത്രണത്തിൽ പ്രത്യേക പരിഗണന ലഭിച്ചേക്കും.