നൈജറിലെ ദിയോറി ഹമാനി വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

നൈജറിലെ  ദിയോറി ഹമാനി വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

നിയാമേ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തലസ്ഥാനമായ നിയാമേയിലുള്ള ദിയോറി ഹമാനി അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു.

തോക്കുകളും സ്‌ഫോടക വസ്തുക്കളുമായി ഭീകരര്‍ ഇന്നലെ പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് അപ്രതീക്ഷിതമായി ഇരച്ചു കയറുകയായിരുന്നു. നൈജറിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമായ ദിയോറി ഹമാനിക്ക് നേരെ അഞ്ച് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

കൊല്ലപ്പെട്ടവരില്‍ 22 പേര്‍ ആക്രമണം നടത്തിയ ഭീകരരും 11 പേര്‍ നൈജര്‍ സുരക്ഷാ സൈനികരും രണ്ട് സാധാരണക്കാരുമാണെന്ന് നൈജര്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പ്രമുഖ അല്‍ ഖ്വൊയ്ദ അനുകൂല ഭീകര സംഘടനയായ 'ജമാ അത്ത് നുസ്രത്ത് അല്‍-ഇസ്ലാം വല്‍-മുസ്ലിമീന്‍' ഏറ്റെടുത്തു.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ നൈജറില്‍ ജനങ്ങളുടെ പുലര്‍ച്ചെയുള്ള നിസ്‌കാരം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമാണ് വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ സ്‌ഫോടനങ്ങളും തുടര്‍ച്ചയായ വെടിയൊച്ചകളും കേട്ടത്.

വിമാനത്താവളത്തോട് ചേര്‍ന്ന് ഒരു സൈനിക താവളം കൂടിയുള്ളതിനാല്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് ഇവിടെ നടന്നത്. ആക്രമണത്തിന് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തില്‍ 20 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.