ന്യൂഡല്‍ഹി: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 21 ഞായറാഴ്ച നടക്കുന്ന പുനപ്പരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ശനിയാഴ്ച രാജ്യവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിക്കുമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു.
മെയ് മൂന്നിന് നടന്ന ആദ്യ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് നിലവില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷാ വീഴ്ചകള്‍ പൂര്‍ണമായും ഒഴിവാക്കാനും പരീക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുമാണ് എന്‍ടിഎ ശനിയാഴ്ച മോക് ഡ്രില്‍ നടത്തുന്നത്.
വിവാദങ്ങള്‍ക്ക് ഇടനല്‍കാത്ത രീതിയില്‍ കനത്ത സുരക്ഷയിലാണ് ഇത്തവണ പരീക്ഷ നടക്കുക. രാജ്യത്തെയും വിദേശത്തെയും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ബയോമെട്രിക് പരിശോധനകള്‍, കര്‍ശനമായ ബോഡി സ്‌കാനിങ്, സിസിടിവി നിരീക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും സുരക്ഷയ്ക്കായി ഉപയോഗിക്കും. എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നാളത്തെ മോക് ഡ്രിലിന്റെ പ്രധാന ലക്ഷ്യം.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം എന്‍ടിഎ ശക്തമാക്കിയിട്ടുണ്ട്. പുനപ്പരീക്ഷയ്ക്കുള്ള പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് എസ്.എം.എസ്, ഇ-മെയില്‍, വാട്സ്ആപ്പ് വഴി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് എന്‍ടിഎ വ്യക്തമാക്കി.
അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും എന്‍ടിഎ മുന്നറിയിപ്പ് നല്‍കി.