മുംബൈ: മഹാരാഷ്ട്രയുടെ വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് നവി മുംബൈ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ജൂലൈ 15 ന് ആരംഭിക്കും. എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് നവി മുംബൈയെയും യുഎഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിച്ച് ആദ്യ വിമാനം പറത്തുന്നത്. പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
മുംബൈ മെട്രോപൊളിറ്റന്‍ റീജിയണിലുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിലും എളുപ്പത്തിലും യാത്ര ചെയ്യാനുള്ള രണ്ടാമത്തെ പ്രവേശന കവാടമായി നവി മുംബൈ വിമാനത്താവളം മാറും. നവി മുംബൈയില്‍ നിന്നുള്ള ഈ പുതിയ അന്താരാഷ്ട്ര സര്‍വീസ് ജൂലൈ 15 മുതല്‍ ആദ്യ ഘട്ടത്തില്‍ ബുധന്‍, വെള്ളി ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് തവണയാകും സര്‍വീസ് നടത്തുക. തുടര്‍ന്ന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ജൂലൈ 29 മുതല്‍ ഞായറാഴ്ച കൂടി ഉള്‍പ്പെടുത്തി സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി ഉയര്‍ത്തും. ലോക്കല്‍ സമയക്രമം അനുസരിച്ച് നവി മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 02:55 ന് പുറപ്പെടുന്ന വിമാനം 04:35 ന് അബൂദബിയിലെത്തും. തിരികെ അബൂദബിയില്‍ നിന്ന് രാവിലെ 05:45 ന് പുറപ്പെട്ട് 10:20 നാണ് വിമാനം നവി മുംബൈയില്‍ തിരിച്ചെത്തുക.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് പ്രമുഖ ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഈ പുതിയ റൂട്ട് കൂടി നിലവില്‍ വരുന്നതോടെ നവി മുംബൈയില്‍ നിന്ന് മാത്രം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 30 ആയി ഉയരും. നിലവില്‍ ഇവിടെ നിന്ന് ഡല്‍ഹി, ബംഗളൂരു നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്.
മഹാരാഷ്ട്രയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ പുതിയ നീക്കം. നിലവില്‍ മുംബൈയില്‍ നിന്ന് ആഴ്ചയില്‍ 95 ല്‍ അധികം സര്‍വീസുകളും പൂനെയില്‍ നിന്ന് നൂറിലധികം സര്‍വീസുകളും നാഗ്പൂരില്‍ നിന്ന് 14 സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുതിയ സര്‍വീസ് വലിയൊരു നേട്ടമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ആഭ്യന്തര, വിദേശ വിമാനക്കമ്പനികളും നവി മുംബൈയില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.