കാലിഫോര്‍ണിയ: പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിന്റെ ആഗോള മേധാവിയായി ഇന്ത്യന്‍ ശതകോടീശ്വരനും പ്രമുഖ ഫിന്‍ടെക് സംരംഭകനുമായ കുനാല്‍ ഷാ നിയമിതനായി. കഴിഞ്ഞ ഏഴ് വര്‍ഷമായി വാട്‌സ്ആപ്പിനെ നയിച്ചിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങുന്ന ഒഴിവിലാണ് മെറ്റയുടെ ഈ നിര്‍ണായക നീക്കം.
നിലവില്‍ പ്രമുഖ ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ റിവാര്‍ഡ്‌സ് ആപ്പായ ക്രെഡിന്റെ സ്ഥാപകനും സിഇഒയുമാണ് 47 കാരനായ കുനാല്‍ ഷാ. ഈ വന്‍ നേതൃ മാറ്റത്തിനൊപ്പം, കുനാല്‍ ഷായുടെ കമ്പനിയായ ക്രെഡില്‍ മെറ്റ 900 മില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപവും പ്രഖ്യാപിച്ചു. ഇതോടെ ക്രെഡിന്റെ 20 ശതമാനം ഓഹരികള്‍ മെറ്റ സ്വന്തമാക്കും. പുതിയ ചുമതലകള്‍ക്കായി കുനാല്‍ ഷാ യുഎസിലെ മെന്‍ലോ പാര്‍ക്കിലുള്ള മെറ്റാ ആസ്ഥാനത്തേക്ക് മാറും.
വാട്‌സ്ആപ്പിന്റെ പൂര്‍ണ ചുമതല ഏറ്റെടുക്കുന്നതിനായി കുനാല്‍ ഷാ ക്രെഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുമെങ്കിലും കമ്പനിയുടെ പ്രധാന ഓഹരി ഉടമയായി അദേഹം തുടരും. കുനാല്‍ ഷാ മാറുന്നതോടെ 2020 മുതല്‍ ക്രെഡിന്റെ സ്ട്രാറ്റജി ആന്‍ഡ് ഫിനാന്‍സ് വിഭാഗം മേധാവിയായ മിറ്റന്‍ സമ്പത്ത് കമ്പനിയുടെ താല്‍കാലിക സിഇഒ ആയി ചുമതലയേല്‍ക്കും.
കുനാല്‍ ഷായുടെ ആഗോള കാഴ്ചപ്പാടും ബിസിനസ് വളര്‍ത്താനുള്ള മികവും വാട്‌സ് ആപ്പിന് വലിയ ഊര്‍ജമാകുമെന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക കമ്പനികളിലൊന്നായി ക്രെഡിനെ വളര്‍ത്തിയെടുത്ത വ്യക്തിയാണ് കുനാല്‍ എന്നും ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പ് നയിക്കാന്‍ ആവശ്യമായ ബില്‍ഡര്‍ മെന്റാലിറ്റിയും ആഗോള കാഴ്ചപ്പാടും അദേഹത്തിനുണ്ടെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
മെറ്റയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്‌സ് ആണ് കുനാല്‍ ഷായെ ഈ പദവിയിലേക്ക് നേരിട്ട് തിരഞ്ഞെടുത്തത്. എഐ സാങ്കേതിക വിദ്യകളുടെ സംയോജനം, ബിസിനസ് മെസേജിങ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവ ശക്തമാക്കി വാട്‌സ്ആപ്പിനെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് പുതിയ നേതൃത്വത്തിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. പടിയിറങ്ങുന്ന വില്‍ കാത്ത്കാര്‍ട്ട് മെറ്റയില്‍ തന്നെ തുടരുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് പുതിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന വിഭാഗത്തിലേക്ക് മാറുമെന്നും കമ്പനി അറിയിച്ചു.
2010 ല്‍ ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജ് സ്ഥാപിച്ചുകൊണ്ട് ശ്രദ്ധേയനായ കുനാല്‍ ഷാ, 2015 ല്‍ ഇത് സ്‌നാപ്ഡീലിന് കൈമാറിയിരുന്നു. പിന്നീടാണ് 2018 ല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ക്കായി ക്രെഡ് സ്ഥാപിക്കുന്നത്. നിലവില്‍ 1.7 കോടിയിലധികം ഉപയോക്താക്കളുള്ള ക്രെഡ്, 2026 ല്‍ തങ്ങളുടെ ആദ്യ ലാഭകരമായ പാദം രേഖപ്പെടുത്തിയിരുന്നു. മെറ്റ നടത്തുന്ന ഈ നിക്ഷേപം പൂര്‍ണമായും ഒരു മൈനോറിറ്റി ഇന്‍വെസ്റ്റ്‌മെന്റ് മാത്രമാണെന്നും, ക്രെഡ് ഉപയോക്താക്കളുടെ ഡാറ്റയൊന്നും മെറ്റയുമായി പങ്കുവെക്കില്ലെന്നും കുനാല്‍ ഷാ വ്യക്തമാക്കിയിട്ടുണ്ട്. ഇനി മുതല്‍ 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന്റെ ആഗോള പ്രവര്‍ത്തനങ്ങളെയാകും കുനാല്‍ ഷാ നിയന്ത്രിക്കുക.