ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ ദുക്‌റാന തിരുനാളിന് ജൂണ്‍ 24 ന് കൊടിയേറും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ ദുക്‌റാന തിരുനാളിന് ജൂണ്‍ 24 ന് കൊടിയേറും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷാര്‍ജ: ഭാരതത്തിന്റെ അപ്പോസ്തലനായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ പുതുക്കുന്ന പുണ്യദിനമായ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ തുടക്കമാകുന്നു. ജൂണ്‍ 24 ബുധനാഴ്ച വൈകുന്നേരം 7:30 ന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ തിരുനാള്‍ കൊടിയേറ്റം നിര്‍വഹിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കാണ് ഷാര്‍ജയിലെ മലയാളം കത്തോലിക്കാ സമൂഹം വേദിയാകുന്നത്. ജൂലൈ മൂന്ന് വെള്ളിയാഴ്ചയാണ് സമാപന തിരുനാള്‍.

ബുധനാഴ്ച വൈകുന്നേരം നടക്കുന്ന കൊടിയേറ്റ് തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി OFM Cap. മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജോണ്‍ ജോസഫ് എടാട്ട് OFM Cap, ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കൊടിയേറ്റത്തിന് ശേഷം പ്രസുദേന്തി വാഴ്ച, പ്രത്യേക നൊവേന പ്രാര്‍ത്ഥനകള്‍, നേര്‍ച്ച വിതരണം എന്നിവയും ഉണ്ടായിരിക്കും.

'വിശ്വാസ ജീവിതം ഏറെ വെല്ലുവിളിക്കപ്പെടുന്ന ഈ ആധുനിക കാലഘട്ടത്തില്‍, ലോകമെങ്ങും പടരുന്ന കലഹങ്ങളും പ്രതിസന്ധികളും മനുഷ്യ ജീവിതങ്ങളെ അലട്ടുമ്പോഴും, സുവിശേഷ മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നത് വലിയൊരു ദൗത്യമാണ്. 'നമുക്കും അവനോടുകൂടെ പോയി മരിക്കാം' എന്ന് പ്രഖ്യാപിച്ച മാര്‍ തോമാശ്ലീഹായുടെ അതേ ആത്മധൈര്യവും വിശ്വാസതീക്ഷ്ണതയും കൈമുതലാക്കി, പ്രതികൂല സാഹചര്യങ്ങളിലും ഈശോമിശിഹായ്ക്കായി ജീവിക്കാന്‍ ഈ തിരുനാള്‍ കാലഘട്ടം ഓരോ വിശ്വാസിയെയും ആഹ്വാനം ചെയ്യുന്നു.'- മലയാളം സമൂഹത്തിന്റെ ആത്മീയപിതാവ് ഫാ. ജോണ്‍ ജോസഫ് എടാട്ട് കപ്പൂച്ചിന്‍ വിശ്വാസ പ്രഖ്യാപന സന്ദേശം നല്‍കിക്കൊണ്ട് വ്യക്തമാക്കി.

ഇടവകയിലെ സിറോ മലബാര്‍ സഭാംഗങ്ങളും മലയാളം സമൂഹവും സംയുക്തമായാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന നൊവേനകളും ദുക്‌റാന തിരുനാള്‍ തിരുക്കര്‍മ്മങ്ങളും ഒരുക്കുന്നത്. തിരുനാള്‍ വഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ജൂലൈ മൂന്നിന് നടക്കുന്ന സമാപന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാഗര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജെയിംസ് അത്തിക്കളം (MST) നേതൃത്വം നല്‍കും.

ആയിരങ്ങള്‍ പങ്കെടുക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മിറ്റി അംഗങ്ങളായ ബിജു ജോസഫ്, സിറിയക് ജോസഫ്, സിമി ഡെന്നിസ്, മഞ്ജു തോംസണ്‍, നിജോ തോമസ്, സെബാസ്റ്റ്യന്‍ സ്‌കറിയ, കണ്‍വീനര്‍ ബെന്‍സണ്‍ വര്‍ക്കി, സൗമ്യ അനൂപ് എന്നിവര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.