ബംഗളൂരു: കടുത്ത മാനസിക വൈകല്യവും സെറിബ്രല്‍ പാള്‍സിയും ബാധിച്ച 23 വയസുകാരിയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കി. ആര്‍ത്തവ കാലത്ത് സ്വന്തമായി ശുചിത്വം പാലിക്കാന്‍ മകള്‍ക്ക് സാധിക്കുന്നില്ലെന്നും ഇത് ഗുരുതരമായ അണുബാധകള്‍ക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദന്റെ അപൂര്‍വ ഉത്തരവ്.
യുവതിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ്, യുവതിയുടെ മാനസിക പ്രായം അഞ്ച് വയസ് മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. രോഗിയുടെ അന്തസും ആരോഗ്യ സുരക്ഷയും മുന്‍നിര്‍ത്തി മാത്രമാണ് ഈ തീരുമാനമെന്നും അല്ലാതെ ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്ന കാരണത്താല്‍ മാത്രം ഇത്തരം ശസ്ത്രക്രിയകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് മുന്‍പും പിന്‍പും യുവതിക്ക് ആവശ്യമായ കൗണ്‍സിലിങും പരിചരണവും ഉറപ്പാക്കാന്‍ ബംഗളൂരുവിലെ വാണി വിലാസ് ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.