ചെന്നൈ: പ്രസവത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ തനിക്ക് ലഭിച്ച ജോലിക്ക് അതിലും മധുരമുള്ളൊരു ഓര്‍മ്മ സമ്മാനിച്ച മുഖ്യമന്ത്രിക്ക് നന്ദി പറയുകയാണ് അക്ഷയലക്ഷ്മി എന്ന യുവതി. ചെന്നൈയിലെ കലൈവനാര്‍ അരംഗം ഓഡിറ്റോറിയത്തില്‍ നടന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം. പൂര്‍ണ ഗര്‍ഭിണിയായ ഉദ്യോഗാര്‍ത്ഥിക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ നിന്നിറങ്ങിച്ചെന്ന് നിയമന ഉത്തരവ് കൈമാറിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന വൈദ്യുതി വകുപ്പിലേക്ക് തിരഞ്ഞെടുത്ത 401 പേര്‍ക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു അത്. പുതിയ നിയമനം ലഭിച്ച 383 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും, 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍മാരുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അവതാരക ഓരോ ഉദ്യോഗാര്‍ത്ഥികളുടെയും പേര് വിവരങ്ങള്‍ വേദിയിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇതിനിടെ നിയമന ഉത്തരവ് കൈപ്പറ്റാനായി അക്ഷയ ലക്ഷ്മിയുടെ പേര് അനൗണ്‍സ് ചെയ്തപ്പോഴാണ്, സദസില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയുടെ 40-ാം ആഴ്ചയിലായിരുന്ന അക്ഷയ ലക്ഷ്മിക്ക് പടവുകള്‍ കയറി വേദിയിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് വിജയ് തല്‍ക്ഷണം മനസിലാക്കി.
യുവതിയെ വേദിയിലേക്ക് വിളിപ്പിക്കുന്നതിന് പകരം ഔദ്യോഗിക സുരക്ഷാ പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി വിജയ് സ്വയം വേദിയില്‍ നിന്നും താഴേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. സദസില്‍ അക്ഷയ ലക്ഷ്മിയുടെ അടുത്തെത്തി അദേഹം നിയമന ഉത്തരവ് നേരിട്ട് കൈമാറി. ഉദ്യോഗാര്‍ത്ഥിയോട് ക്ഷേമാന്വേഷണങ്ങള്‍ നടത്താനും അദേഹം മറന്നില്ല. അപ്രതീക്ഷിതമായി മുഖ്യമന്ത്രി തന്നെ അരികിലേക്ക് എത്തിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമായിരുന്നു യുവതി.
മുഖ്യമന്ത്രിയുടെ ഈ ഹൃദയ സ്പര്‍ശിയായ പെരുമാറ്റത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു യഥാര്‍ത്ഥ ജനനായകന്‍ എങ്ങനെയായിരിക്കണം എന്ന് വിജയ് തെളിയിച്ചിരിക്കുകയാണെന്ന് വീഡിയോയ്ക്ക് താഴെ ആരാധകരും പൊതുജനങ്ങളും കമന്റ് ചെയ്യുന്നു.
വൈദ്യുതി വകുപ്പിലെ അടിയന്തര ജീവനക്കാരുടെ കുറവ് പരിഹരിക്കാനും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനുമായി മുഖ്യമന്ത്രി വിജയ്യുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഈ നിയമന നടപടികള്‍ വേഗത്തിലാക്കിയത്. വരും മാസങ്ങളില്‍ കൂടുതല്‍ തസ്തികകളിലേക്ക് വേഗത്തില്‍ നിയമനം നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.