ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാളിന് കൊടിയേറി

ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്‌റാന തിരുനാളിന് കൊടിയേറി

ഷാർജ: ഭാരതത്തിന്റെ അപ്പോസ്തലനായ മാർത്തോമാശ്ലീഹായുടെ ഓർമ്മ പുതുക്കുന്ന ദുക്‌റാന തിരുനാൾ ആഘോഷങ്ങൾക്ക് ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ഭക്തിനിർഭരമായ തുടക്കം. ജൂൺ 24 ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി OFM Cap. തിരുനാൾ കൊടിയേറ്റം നിർവഹിച്ചു.

പത്തു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ തിരുനാൾ ആഘോഷങ്ങൾക്കാണ് ഷാർജയിലെ മലയാളം കത്തോലിക്കാ സമൂഹം വേദിയാകുന്നത്. കൊടിയേറ്റ കർമ്മങ്ങൾക്ക് ശേഷം നടന്ന പ്രസുദേന്തി വാഴ്ച, പ്രത്യേക നൊവേന പ്രാർത്ഥനകൾ, നേർച്ച വിതരണം എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോൺ ജോസഫ് എടാട്ട്, ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ എന്നിവർ സഹകാർമ്മികരായി.

സിറോ മലബാർ സഭാംഗങ്ങളും മലയാളം സമൂഹവും സംയുക്തമായാണ് തിരുനാൾ കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തിരുനാൾ ദിനങ്ങളിൽ വിശ്വാസികളെ ദൈവാനുഗ്രഹത്തിലേക്ക് നയിക്കുന്ന വിവിധ ശുശ്രൂഷകൾ ദേവാലയത്തിൽ നടക്കും.

ഒമ്പത് ദിവസം നീളുന്ന നൊവേനകൾക്കും പ്രാർത്ഥനകൾക്കും ശേഷം ജൂലൈ മൂന്നിന് വെള്ളിയാഴ്ച നടക്കുന്ന തിരുനാൾ സമാപന കർമ്മങ്ങൾക്ക് സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം (MST) നേതൃത്വം നൽകും.

തിരുനാളിനായുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി കൺവീനർ ബെൻസൺ വർക്കി, കമ്മിറ്റി അംഗങ്ങളായ ബിജു ജോസഫ്, സിറിയക് ജോസഫ്, സിമി ഡെന്നിസ്, മഞ്ജു തോംസൺ, നിജോ തോമസ്, സെബാസ്റ്റ്യൻ സ്‌കറിയ, സൗമ്യ അനൂപ് എന്നിവർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.