ദമാം: നിറങ്ങൾ കൊണ്ട് വിസ്മയം തീർക്കുകയാണ് പ്രവാസിയായ തൃശൂർ പേരാമ്പ്ര സ്വദേശി ഷീസൻ. വിവിധ തരത്തിലും നിറത്തിലുമുള്ള വർണ നൂലുകൾ ഉപയോഗിച്ച് അതിമനോഹരമായ ചിത്രങ്ങൾ നെയ്തെടുത്താണ് ഈ കലാകാരൻ പ്രവാസ ലോകത്ത് ശ്രദ്ധേയനാകുന്നത്.
കഴിഞ്ഞ 19 വർഷമായി സൗദി അറേബ്യയിലെ അൽഹസയിൽ കുടുംബ സമേതം താമസിക്കുന്ന ഷീസൻ അൽഹസ കിംഗ് ഫൈസൽ സർവകലാശാലയിൽ ഇലക്ട്രോണിക് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. ജോലിത്തിരക്കുകൾക്കിടയിൽ നേരംപോക്കിനായി തുടങ്ങിയ ഈ വിനോദം ഇന്ന് അദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.
ക്രൂശിതനായ കർത്താവിന്റെ ചിത്രം, കത്തോലിക്കാ സഭയിലെ ഏഴ് കൂദാശകൾ, ഇന്ത്യയുടെ ഭൂപടം, വിവിധതരം പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ തുടങ്ങി ഒട്ടേറെ ക്രാഫ്റ്റ് വർക്കുകൾ ഷീസൻ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. സൗദിയിലെ വിവിധ മലയാളി സംഘടനകളുടെ ലോഗോകളും നൂലുകൾ ഉപയോഗിച്ച് വളരെ ആകർഷകമായി അദേഹം നിർമ്മിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ ചിത്രരചനയിൽ താല്പര്യമുണ്ടായിരുന്ന ഷീസൻ യാതൊരുവിധ പരിശീലനവും ലഭിക്കാതെയാണ് ഈ ക്രാഫ്റ്റ് വർക്കുകൾ സ്വയം പഠിച്ചെടുത്തത്. നൂലുകൾക്ക് പുറമേ ഉപയോഗശൂന്യമായ വസ്തുക്കളും തന്റെ നിർമ്മിതികളിൽ അദേഹം ഇടംപിടിക്കുന്നു. ഓരോ ചിത്രവും പൂർത്തിയാക്കാൻ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യുന്ന ഷീസന്റെ ഈ കലാസൃഷ്ടികൾ കാണാൻ നിരവധി പേരാണ് ഷീസിന്റെ വീട്ടിലെത്തുന്നത്.
ഭാര്യ ധന്യയും മകൻ ഓസ്റ്റിനും നൽകുന്ന പിന്തുണയാണ് ഈ കലാപരമായ പ്രവർത്തനങ്ങൾ തുടരാൻ തനിക്ക് ഊർജം പകരുന്നതെന്ന് ഷീസൻ പറയുന്നു. പ്രവാസ ജീവിതത്തിന്റെ മടുപ്പിക്കുന്ന തിരക്കുകൾക്കിടയിലും കലയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഈ പ്രവാസി കലാകാരന് ഏവരിൽ നിന്നും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.