കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് അധികാരത്തിലേറി ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം. നടപ്പ് ബജറ്റ് സമ്മേളനത്തില്‍ തിങ്കളാഴ്ചയോടെ ബില്‍ സഭയുടെ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് പാര്‍ലമെന്ററി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മതം ഏതായാലും സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്ത് വിഹിതം, ദത്തെടുക്കല്‍, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ നിലവിലുള്ള മതാധിഷ്ഠിത വ്യക്തി നിയമങ്ങള്‍ക്ക് പകരം പൊതുവായ നിയമം കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബില്‍ പാസാകുകയാണെങ്കില്‍, ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്ന രാജ്യത്തെ നാലാമത്തെ ബിജെപി ഭരണസംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറും.
2024 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡാണ് രാജ്യത്ത് ആദ്യമായി യുസിസി നിയമം പാസാക്കിയത്. തുടര്‍ന്ന് ഗുജറാത്തും അസമും സമാനമായ നിയമനിര്‍മാണം നടത്തിയിരുന്നു.