ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി-എന്‍.സി.ആര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലും ജമ്മു കാശ്മീരിലും ശക്തമായ പ്രകമ്പനം. ശനിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 7:04 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിന് 74 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സ്ഥിരീകരിച്ചു. ഭൂമിക്കടിയില്‍ 215 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. ജമ്മു കാശ്മീരിലെ ശ്രീനഗര്‍, പൂഞ്ച്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹിയിലും കാശ്മീരിലും സെക്കന്‍ഡുകളോളം നീണ്ടുനിന്ന കുലുക്കത്തെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. എന്നാല്‍ ഇന്ത്യയിലോ അഫ്ഗാനിസ്ഥാനിലോ നിലവില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂമിക്കടിയില്‍ വലിയ ആഴത്തിലുണ്ടായ ചലനം ആയതിനാല്‍ വിശാലമായ പ്രദേശങ്ങളില്‍ ഇതിന്റെ ആഘാതം പ്രകടമായി. അഫ്ഗാനിസ്ഥാന് പുറമെ പാകിസ്ഥാന്‍ (ഇസ്ലമാബാദ്, ലാഹോര്‍, സ്വാത് മേഖലകള്‍), ചൈന, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നി രാജ്യങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ സ്വാത് മേഖലയില്‍ ജനങ്ങള്‍ വലിയ തോതില്‍ പരിഭ്രാന്തരായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോളതലത്തില്‍ ഭൂകമ്പങ്ങള്‍ വര്‍ധിക്കുന്നത് ശാസ്ത്ര ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വെനസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഭൂചലനം ഭൂമിക്കടിയിലെ മറ്റ് ഫോള്‍ട്ട് ലൈനുകളിലേക്ക് വന്‍തോതില്‍ ഊര്‍ജ്ജം പ്രവഹിക്കാന്‍ കാരണമായിട്ടുണ്ടാകാമെന്നും ഇതാണ് ഏഷ്യന്‍ മേഖലയിലെ പെട്ടെന്നുള്ള ചലനങ്ങള്‍ക്ക് പിന്നിലെന്നുമാണ് പാകിസ്ഥാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് അമീര്‍ ഹൈദര്‍ ലെഗാരി ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍-യൂറേഷ്യന്‍ ടെക്ടോണിക് പ്ലേറ്റുകളുടെ സംഗമ ഭൂമിയായ ഹിന്ദുക്കുഷ് പ്രദേശം ലോകത്തിലെ തന്നെ ഏറ്റവും അപകട സാധ്യതയേറിയ ഭൂകമ്പ മേഖലകളില്‍ ഒന്നാണ്.