ന്യൂഡല്‍ഹി: പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസം ശക്തമാകുന്ന പശ്ചാത്തലത്തില്‍, ജൂലൈ മാസത്തിലും ഇന്ത്യയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ജൂലൈയിലെ മഴ ലഭ്യതയെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രതിമാസ പ്രവചനത്തില്‍ ഐഎംഡി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസം 1901 ന് ശേഷമുള്ള അഞ്ചാമത്തെ ഏറ്റവും വരണ്ട ജൂണ്‍ ആയിട്ടാണ് രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 39 ശതമാനം കുറവാണ് ജൂണില്‍ രാജ്യത്തുണ്ടായത്. ജൂണിന് പിന്നാലെ മുഖ്യ മഴ മാസമായ ജൂലൈയിലും പെയ്ത്തു കുറയുമെന്ന മുന്നറിയിപ്പ് രാജ്യത്തിന്റെ കാര്‍ഷിക മേഖലയിലും സാമ്പത്തിക രംഗത്തും വലിയ ആശങ്ക പരത്തുന്നുണ്ട്.
മഴയുടെ ഈ വലിയ കുറവ് ഖാരിഫ് കൃഷിയിറക്കലിനെ സാരമായി ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഖാരിഫ് കൃഷിയില്‍ 23 ശതമാനം കുറവാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നെല്ല്, പയറ് വര്‍ഗങ്ങള്‍, സോയാബീന്‍, പരുത്തി എന്നിവയുടെ കൃഷിയെയാണ് ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ മഴ മെച്ചപ്പെട്ടില്ലെങ്കില്‍ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ വലിയ ഇടിവു് ണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.