ബംഗളൂരുവിനെ നടുക്കി ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ കൊടും ക്രൂരത; വാഷിങ് മെഷീനിലിരുത്തിയും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം; അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസ്

ബംഗളൂരുവിനെ നടുക്കി ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നേരെ കൊടും ക്രൂരത; വാഷിങ് മെഷീനിലിരുത്തിയും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം; അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസ്

ബംഗളൂരു: നഗരത്തിലെ പ്രമുഖ ഐടി കമ്പനി ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ രണ്ട്, മൂന്ന് വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ജീവനക്കാര്‍ കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത. ബംഗളൂരു എച്ച്.എ.എല്‍ ക്യാമ്പസിലെ പ്രമുഖ ഐടി സ്ഥാപനമായ കേപ്‌ജെമിനിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ക്രഷിലാണ് മാതാപിതാക്കളുടെ നെഞ്ച് തകര്‍ക്കുന്ന അതിക്രമങ്ങള്‍ അരങ്ങേറിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഡേകെയറിലെ അഞ്ച് വനിതാ കെയര്‍ടേക്കര്‍മാര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വസിച്ച് ഏല്‍പ്പിച്ച കുഞ്ഞുങ്ങളെ ജീവനക്കാര്‍ മൃഗീയമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത അമര്‍ഷത്തിലും പ്രതിഷേധത്തിലുമാണ് മാതാപിതാക്കളും പൊതുസമൂഹവും.

കുട്ടികള്‍ കരയുകയോ വാശി പിടിക്കുകയോ ചെയ്യുമ്പോള്‍ അവരെ ക്രൂരമായ ശിക്ഷാ നടപടികളിലൂടെ നിശബ്ദരാക്കുകയായിരുന്നു ജീവനക്കാരുടെ പതിവ് രീതി. കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡിങ് വാഷിങ് മെഷീനുകള്‍ക്കുള്ളില്‍ നിര്‍ബന്ധിച്ച് ഇരുത്തി ഭയപ്പെടുത്തുകയും ബാത്ത്‌റൂമുകളില്‍ കൊണ്ടുപോയി പൂട്ടിയിടുകയും ചെയ്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലുമേറെ ഞെട്ടിക്കുന്നത് ടോയ്ലറ്റുകളിലെ വാട്ടര്‍ ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ വായിലേക്ക് നേരിട്ട് ഉയര്‍ന്ന വേഗതയില്‍ വെള്ളമടിച്ചുള്ള പീഡനമുറകളാണ്. ഈ അതിക്രമങ്ങള്‍ മാതാപിതാക്കളോട് പറയാതിരിക്കാന്‍ സംസാരിക്കാന്‍ പോലും പ്രായമാകാത്ത കുഞ്ഞുങ്ങളെ ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മാതാപിതാക്കള്‍ ജോലി സ്ഥലത്ത് ആയിരിക്കുന്ന സമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി നോക്കുമെന്ന ഉറപ്പിലാണ് ഈ ഡേകെയറിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കെയര്‍ടേക്കര്‍മാരുടെ ക്രൂരതകള്‍ വ്യക്തമാക്കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങള്‍ കണ്ട് ഭയന്ന ചില ജീവനക്കാര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ഹെല്‍പ്ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് എച്ച്.എ.എല്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.