എനര്‍ജി ഡ്രിങ്കുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടിയുമായി എഫ്.എസ്.എസ്.എ.ഐ; പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ്

 എനര്‍ജി ഡ്രിങ്കുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടിയുമായി എഫ്.എസ്.എസ്.എ.ഐ; പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: വിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന പാക്കേജ്ഡ് എനര്‍ജി ഡ്രിങ്കുകളുടെ ഗുണനിലവാരത്തെയും പാര്‍ശ്വഫലങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ശക്തമാകുന്നതിനിടെ പ്രമുഖ പാനീയ ബ്രാന്‍ഡുകള്‍ക്കെതിരെ നടപടിയുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച ആറ് പ്രമുഖ ബ്രാന്‍ഡുകള്‍ക്കാണ് അതോറിറ്റി ഇപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

റെഡ് ബുള്‍, പെപ്‌സികോയുടെ അഡ്രിനാലിന്‍ റഷ്, റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ കാമ്പാ എനര്‍ജി ഡ്രിങ്ക് ഗോള്‍ഡ് ബൂസ്റ്റ്, സ്റ്റിങ്, ഹെല്‍ എനര്‍ജി, കോക്കകോളയുടെ മോണ്‍സ്റ്റര്‍ എനര്‍ജി എന്നിവയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലായ മുന്‍നിര ബ്രാന്‍ഡുകള്‍.

ബ്രാന്‍ഡിങിലും പ്രൊമോഷനുകളിലും കമ്പനികള്‍ വരുത്തിയ ഗുരുതരമായ ചട്ട ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ അതോറിറ്റി ഈ വിവരം പുറത്തുവിട്ടത്. പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ നല്‍കുന്ന ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശ വാദങ്ങളെയാണ് എഫ്.എസ്.എസ്.എ.ഐ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുന്നു, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു, ശാരീരിക ക്ഷീണം പൂര്‍ണമായി മാറ്റുന്നു തുടങ്ങിയ ആകര്‍ഷകമായ പ്രസ്താവനകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്റ്റ് (2006) പ്രകാരം പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം പരസ്യങ്ങള്‍ തിരുത്തണമെന്നും അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.