താഷ്‌കെന്റ്: ഉസ്‌ബെക്കിസ്ഥാനില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഹരിപ്പാട് പുതുക്കാട് സുപ്രഭാതം ഭവനില്‍ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്.
സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ എരുവത്ത് സ്വദേശി സദറുല്‍ അനം (23) അറസ്റ്റിലായി.
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. തര്‍ക്കത്തിനിടെ സാവരിയയെ സദറുല്‍ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ ഉപരിപഠനത്തിനായി ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. മൂന്ന് ദിവസം മുന്‍പാണ് കൊലപാതകം നടന്നത്. സംഭവ ദിവസം തന്നെ അറസ്റ്റിലായ സദറുല്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്.
സാവരിയയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സാവരിയയുടെ പിതാവ് വിദേശത്താണ്.