പ്രിയഗായിക ഇനി ഓര്‍മകളില്‍: എസ്. ജാനകിക്ക് വിടചൊല്ലി ദക്ഷിണേന്ത്യ

പ്രിയഗായിക ഇനി ഓര്‍മകളില്‍: എസ്. ജാനകിക്ക് വിടചൊല്ലി ദക്ഷിണേന്ത്യ

മൈസൂരു: ആറ് പതിറ്റാണ്ടിലേറെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ രാഗസുധയാല്‍ ആറാടിച്ച പ്രശസ്ത ഗായിക എസ്. ജാനകി ഇനി മായാത്ത ഓര്‍മ. സംസ്‌കാരച്ചടങ്ങുകള്‍ മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രിയപ്പെട്ട ജനങ്ങളുടെ പ്രണാമം ഏറ്റുവാങ്ങി സ്വന്തം ഫാം ഹൗസില്‍ തന്നെ അന്ത്യ വിശ്രമം കൊള്ളണമെന്ന ഗായികയുടെ അന്ത്യ അഭിലാഷ പ്രകാരമാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്.

അന്ത്യ കര്‍മങ്ങള്‍ക്ക് ചെറുമകള്‍ അപ്‌സര വൈദ്യുല നേതൃത്വം നല്‍കി. ഇന്നലെ മൈസൂരുവിലെ വസതിയില്‍ വെച്ച് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7:30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീര്‍ഘകാലമായി വാര്‍ഝക്യ സഹജമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ജാനകി ഏകമകന്റെ വിയോഗത്തിന് ശേഷം ചെറുമകള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അന്ത്യ നിമിഷങ്ങളില്‍ ബന്ധുക്കളും പ്രിയപ്പെട്ടവരും ഒപ്പമുണ്ടായിരുന്നു.

പ്രിയ ഗായികയെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദര്‍ശനം ഒരുക്കിയിരുന്നു. കലാ-സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് സംഗീത പ്രേമികളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ വിലാപ യാത്രയായി മൃതദേഹം ഫാം ഹൗസിലേക്ക് കൊണ്ടുപോയി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങള്‍ സമ്മാനിച്ച ജാനകിയമ്മയുടെ വേര്‍പാട് ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.