സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍തല ത്രിഭാഷാ ഇന്റേണല്‍ അസസ്മെന്റ് വിജയം ഇനി നിര്‍ബന്ധം

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍തല ത്രിഭാഷാ ഇന്റേണല്‍ അസസ്മെന്റ് വിജയം ഇനി നിര്‍ബന്ധം

ന്യൂഡല്‍ഹി: സിബിഎസ്ഇ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍തല ത്രിഭാഷാ ഇന്റേണല്‍ അസസ്മെന്റ് വിജയം നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം.

പുതിയ നിബന്ധന പ്രകാരം 2027-28 അധ്യായന വര്‍ഷം മുതല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ സ്‌കൂള്‍തല ത്രിഭാഷാ ഇന്റേണല്‍ അസസ്മെന്റ് വിജയിച്ചിരിക്കണം.

ഏതെങ്കിലും വിദ്യാര്‍ത്ഥി ഇന്റേണല്‍ അസസ്മെന്റില്‍ പരാജയപ്പെട്ടാല്‍ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വരുന്നതിന് മുന്‍പ് സ്‌കൂള്‍ അവര്‍ക്കായി പുനപരീക്ഷ നടത്തും. സിബിഎസ്ഇയുടെ നിര്‍ദേശപ്രകാരം 2026-27 അധ്യായന വര്‍ഷം മുതല്‍ ആറാം ക്ലാസ് മുതല്‍ തന്നെ മൂന്നാം ഭാഷ പ്രാബല്യത്തില്‍ വന്നിരുന്നു.

ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണം. നിലവില്‍ ഇംഗ്ലീഷിനൊപ്പം വിദേശ ഭാഷകള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് തുടരാമെങ്കിലും ഇനി ഒരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കേണ്ടതുണ്ട്.

നേരത്തെ എട്ടാം ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികള്‍ മൂന്നാം ഭാഷ ഒഴിവാക്കുമായിരുന്നു. എന്നാല്‍ പുതിയ പരിഷ്‌കാരത്തോടെ ഒന്‍പതാം ക്ലാസിലെത്തുന്നവര്‍ക്കും പത്താം ക്ലാസിലെത്തുന്നവര്‍ക്കും ഈ നിയമം ബാധകമാകും. നിലവിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമല്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.