കുവൈറ്റ് സിറ്റി: കുവൈറ്റിലെ സീറോ മലബാര്‍ സാംസ്‌കാരിക സംഘടനയായ എസ്.എം.സി.എ (Syro Malabar Cultural Association) സംഘടിപ്പിച്ച ദുക്റാനാ തിരുന്നാളും സഭാ ദിന ആഘോഷങ്ങളും വലിയ ജനപങ്കാളിത്തത്തോടെ സമാപിച്ചു. 2026 ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 4:30 ന് അബാസിയയിലെ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വിപുലമായ ആഘോഷ പരിപാടികള്‍ നടന്നത്.
എസ്.എം.സി.എ പ്രസിഡന്റ് സുനില്‍ തോമസ് തൊടുകയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അബാസിയ ഇടവക വികാരി ഫാ. സോജന്‍ പോള്‍ ഉദ്ഘാടനം ചെയ്യുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ടോമി സിറിയക് കണിച്ചുകാട്ട് സ്വാഗതവും ട്രഷറര്‍ ജോസ് മത്തായി പൊക്കാലിപടവില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

ചടങ്ങില്‍ ഫാ. അനൂപ് ഏബ്രഹാം, എ.കെ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബോബി തോമസ്, കെ.കെ.സി.എ പ്രസിഡന്റ് ബൈജു തോമസ്, എസ്.എം.സി.എ വുമണ്‍സ് വിങ് പ്രസിഡന്റ് ലൈസ ജോര്‍ജ്, എസ്.എം.വൈ.എം പ്രസിഡന്റ് ബിന്‍സണ്‍ ജോസഫ്, ബാലദീപ്തി പ്രസിഡന്റ് ലെന തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സഭാധ്യക്ഷന്മാരുടെയും ആത്മീയ മേലധ്യക്ഷന്മാരുടെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തത് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആത്മീയ ശോഭ പകര്‍ന്നു. നോര്‍ത്ത് അറേബ്യന്‍ അപൊസ്‌തോലിക് വികാരി ബിഷപ്പ് അല്‍ഡോ ബരാര്‍ഡി ഒ.എസ്.എസ്.ടി ഇമെയില്‍ സന്ദേശത്തിലൂടെ ആശംസകള്‍ അറിയിച്ചപ്പോള്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വീഡിയോ സന്ദേശത്തിലൂടെ സഭാദിന ആശംസകള്‍ കൈമാറി. കൂടാതെ സഭയുടെ പ്രവാസികാര്യാലയം ചെയര്‍മാനും ഷംഷാബാദ് ആര്‍ച്ച് ബിഷപ്പുമായ മാര്‍ പ്രിന്‍സ് ആന്റണി പനങ്ങാടിന്റെ സന്ദേശവും ചടങ്ങില്‍ അവതരിപ്പിച്ചു.
സെന്‍ട്രല്‍, ഏരിയ, സോണല്‍, കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രവാസ സംഗമത്തില്‍ മുന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം അംഗങ്ങള്‍ പങ്കെടുത്തു. അബാസിയ, ഫഹാഹീല്‍, സാല്‍മിയ, സിറ്റി-ഫര്‍വാനിയ എന്നി നാല് മേഖലകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അണിനിരന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഏരിയ ജനറല്‍ കണ്‍വീനര്‍മാരായ ബിനില്‍ കാലായില്‍ തോമസ് (അബാസിയ), ജോര്‍ജ് തെക്കേല്‍ (ഫഹാഹീല്‍), സന്തോഷ് കാഞ്ഞിരകൊമ്പില്‍ (സാല്‍മിയ), സജി ജോണ്‍ (സിറ്റി-ഫര്‍വാനിയ) എന്നിവര്‍ കലാപരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു.
.jpeg)
കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ ലിജോ തോമസ്, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സുബിന്‍ സെബാസ്റ്റ്യന്‍ പുരയിടത്തില്‍, സോഷ്യല്‍ ആന്റ് വെല്‍ഫെയര്‍ കണ്‍വീനര്‍ ഇന്‍-ചാര്‍ജ് ലിന്റോ ലോറന്‍സ്, മീഡിയ കമ്മിറ്റി കണ്‍വീനര്‍ ഇന്‍-ചാര്‍ജ് നിക്‌സണ്‍ ജോര്‍ജ്, ചീഫ് ബാലദീപ്തി കോര്‍ഡിനേറ്റര്‍ ജോസഫ് മാത്യു വടക്കേടത്ത്, ജോയിന്റ് സെക്രട്ടറി ജിന്റോ ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും ജോയിന്റ് ട്രഷറര്‍ പ്രിന്‍സ് ജോസഫ് നന്ദി അറിയിച്ചു.