ലണ്ടൻ: ഭൂമി വലിയൊരു ഉഷ്ണതരംഗത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ. നിലവിൽ യൂറോപ്പും ഓസ്‌ട്രേലിയയും കടുത്ത ചൂടിന്റെ പിടിയിലായിരിക്കെ, വരാനിരിക്കുന്ന 2027-ാം വർഷം ആഗോള താപനിലയിൽ ചരിത്രപരമായ റെക്കോർഡ് കുറിക്കുമെന്ന് സൂചന. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട അതിശക്തമായ 'എൽ നിനോ' പ്രതിഭാസമാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ബ്യൂറോ ഓഫ് മെറ്റിയറോളജികഴിഞ്ഞ മാസം എൽ നിനോയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇത്തവണ രൂപംകൊണ്ടിരിക്കുന്ന എൽ നിനോ വിശ്വസനീയമായ രേഖകൾ ലഭ്യമായ കാലം മുതലുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഒന്നായിരിക്കുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകൾ നൽകുന്ന സൂചന.
കാലാവസ്ഥാ ഗവേഷകർ നൽകുന്ന കണക്കുകൾ പ്രകാരം, നിനോ 3.4 സൂചിക +3.6 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് മുൻകാലങ്ങളിലെ എല്ലാ താപനില റെക്കോർഡുകളെയും ഭേദിക്കുന്നതാണ്. എൽ നിനോയുടെ സ്വാധീനം ആഗോള താപനിലയിൽ പ്രതിഫലിക്കാൻ മൂന്നു മുതൽ അഞ്ചു മാസം വരെ സമയം എടുക്കുമെന്നതിനാൽ, ഇതിന്റെ പൂർണ പ്രത്യാഘാതം 2027 ൽ ആയിരിക്കും അനുഭവപ്പെടുക. 2026 ന്റെ രണ്ടാം പകുതി വരെ ഈ പ്രതിഭാസം തുടരുമെന്നും, പിന്നീട് ക്രമേണ ശക്തി കുറയുമെന്നുമാണ് ബ്യൂറോ ഓഫ് മെറ്റിയറോളജിയുടെ വിലയിരുത്തൽ.
ഓസ്‌ട്രേലിയയിലെ കാലാവസ്ഥയിൽ എൽ നിനോ വലിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കിഴക്കൻ ഓസ്‌ട്രേലിയയിൽ കടുത്ത ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെടാൻ ഇത് കാരണമാകും. ലോക കാലാവസ്ഥാ സംഘടനയുടെ കണക്കുകൾ പ്രകാരം 2025, 2026 വർഷങ്ങളിൽ തെക്കുപടിഞ്ഞാറൻ പസഫിക് മേഖലയിൽ റെക്കോർഡ് താപനില റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന വർഷങ്ങളിൽ ആഗോളതാപനം നിയന്ത്രണാതീതമായി ഉയരുമെന്ന ആശങ്കയാണ് ശാസ്ത്രലോകം പങ്കുവെക്കുന്നത്