റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ അതിശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പകല്‍ സമയങ്ങളില്‍ പൊടിക്കാറ്റ് കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
കിഴക്കന്‍ പ്രവിശ്യ, റിയാദിന്റെ തെക്ക്-കിഴക്കന്‍ മേഖലകള്‍, നജ്റാന്‍ എന്നിവിടങ്ങളിലായിരിക്കും വരും ദിവസങ്ങളില്‍ കാറ്റിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. നിലവില്‍ ജിദ്ദയ്ക്കും ജിസാനും ഇടയിലുള്ള തീരദേശ പാതകളിലും തബൂക്ക്, മദീന പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും തുടരുന്ന പൊടിക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പൊടിക്കാറ്റ് മൂലം റോഡുകളില്‍ ദൂരക്കാഴ്ച പരിധി ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറച്ച് കനത്ത ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യം ഇപ്പോള്‍ പീക്ക് സമ്മറിലൂടെയാണ് കടന്നുപോകുന്നത്. ഈ അതികഠിനമായ ഉഷ്ണ തരംഗം ഓഗസ്റ്റ് ആദ്യം വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.