കോട്ടയം: കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാർത്ഥമുള്ള 'ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അവാർഡ്-2026' പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിലിന് സമ്മാനിച്ചു. കോട്ടയം ശാസ്ത്രി റോഡിലെ ദർശന ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള മുഖ്യമന്ത്രി വി.ഡി സതീശൻ അവാർഡ് സമർപ്പണം നിർവഹിച്ചു.
ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിത്വമായിരുന്നു മാർ കുര്യാക്കോസ് കുന്നശേരിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ആത്മീയ നേതൃത്വത്തിനൊപ്പം സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ദീർഘവീക്ഷണവും ക്നാനായ സമുദായത്തിന് വലിയ സംഭാവനകളും നൽകിയ പിതാവായിരുന്നു അദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ നിയമസഭാംഗമായി 25 വർഷം പൂർത്തിയാക്കിയ ഫൗണ്ടേഷൻ ട്രസ്റ്റിയും ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ മോൻസ് ജോസഫിനെ ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി തോമസ് ചാഴിക്കാടൻ സ്വാഗതം ആശംസിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, മന്ത്രി മോൻസ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
ഷെവലിയർ അഡ്വ. ജോയ് ജോസഫ് കൊടിയന്തറ പ്രശംസാപത്രം വായിച്ചു. ഓർഗനൈസിങ് സെക്രട്ടറിമാരായ സിറിയക്ക് ചാഴികാടൻ, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവർ സംസാരിച്ചു. പ്രൊഫ. മേരി രമണി തറയിൽ നന്ദി രേഖപ്പെടുത്തി.
ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ, സിനിമാ നിർമ്മാതാക്കളായ പ്രേംപ്രകാശ്, ജോയി തോമസ്, തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്, പി.യു. തോമസ് തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.