മാർ ജോൺ പനന്തോട്ടത്തിലിന് പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ സ്വീകരണം; കൈകൊണ്ടെഴുതിയ സമ്പൂർണ ഇംഗ്ലീഷ് ബൈബിൾ സമർപ്പിച്ചു

മാർ ജോൺ പനന്തോട്ടത്തിലിന് പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ സ്വീകരണം; കൈകൊണ്ടെഴുതിയ സമ്പൂർണ ഇംഗ്ലീഷ് ബൈബിൾ സമർപ്പിച്ചു

പെർത്ത്: പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ അജപാലന സന്ദർശനത്തിനെത്തിയ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിലിന് ഇടവക സമൂഹം ഊഷ്മളമായ സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് മുൻപായി ഇടവക വികാരി ഫാ. അജിത്ത് ചേരിയെക്കര, അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ ജോയ്, കൈക്കാരന്മാർ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്നാണ് ബിഷപ്പിനെ സ്വീകരിച്ചത്. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ മാർ ജോൺ പനന്തോട്ടത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
ഇ‌ടവകാം​ഗങ്ങൾ കൈകൊണ്ടെഴുതിയ ബൈബിളിന്റെ പ്രകാശനം പെർത്ത് സെന്റ് ജോസഫ് ഇട‌വകയിൽ മാർ ജോൺ പനന്തോട്ടത്തിൽ നിർവ്വഹിക്കുന്നു

വിശുദ്ധ ബലിക്കുശേഷം 73-ഓളം ഇടവകാംഗങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി കൈകൊണ്ടെഴുതിയ സമ്പൂർണ ഇംഗ്ലീഷ് ബൈബിളിന്റെ പ്രകാശനവും നടന്നു. ഉൽപത്തി മുതൽ വെളിപാട് വരെയുള്ള എല്ലാ ബൈബിൾ ഗ്രന്ഥങ്ങളും കൈയെഴുത്തിലൂടെ പൂർത്തിയാക്കിയത് ചരിത്രപരമായ നേട്ടമാണെന്ന് മാർ ജോൺ പനന്തോട്ടത്തിൽ പറഞ്ഞു.

പ്രാർത്ഥനാപൂർവമായ സമർപ്പണത്തോടെയാണ് ഈ ദൗത്യം പൂർത്തിയാക്കിയതെന്നും ദൈവവചനമായ ബൈബിൾ വരും തലമുറകൾക്ക് വിശ്വാസത്തിന്റെ അമൂല്യ പൈതൃകമായി നിലനിൽക്കുമെന്നും ബിഷപ്പ് പ്രകാശനച്ചടങ്ങിൽ അഭിപ്രായപ്പെട്ടു.


നവംബർ മാസത്തിൽ മെൽബൺ സീറോ മലബാർ രൂപതയിൽ നടക്കാനിരിക്കുന്ന എപ്പാർക്കിയൽ അസംബ്ലിയെക്കുറിച്ചും ബിഷപ്പ് വിശദീകരിച്ചു. അടുത്ത പത്ത് വർഷത്തേക്കുള്ള രൂപതയുടെ പ്രവർത്തനദിശയും അജപാലന മുൻഗണനകളും നിർണയിക്കുന്നതിനായാണ് അസംബ്ലി സംഘടിപ്പിക്കുന്നതെന്ന് മാർ ജോൺപനന്തോട്ടത്തിൽ പറഞ്ഞു.

വിശുദ്ധ കുർബാനയിൽ അധിഷ്ഠിതമായ ക്രൈസ്തവ ജീവിതം, കുടുംബങ്ങളുടെ ശക്തിപ്പെടുത്തൽ, വിശ്വാസപരിശീലനം, യുവജനങ്ങൾക്ക് പ്രാധാന്യം, സമു​ദായ ശാക്തീകരണം എന്നിവ അസംബ്ലിയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളായിരിക്കുമെന്ന് ബിഷപ്പ് വ്യക്തമാക്കി.

രൂപതയിലെ കുട്ടികളെയും യുവജനങ്ങളെയും വിശ്വാസജീവിതത്തിലും സാമൂഹിക ഇടപെടലുകളിലും സജീവമായി വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് നൽകുന്ന മതബോധനം (കാറ്റക്കിസം) ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസിൽ ഒതുങ്ങേണ്ടതല്ലെന്നും കുടുംബ ജീവിതത്തിലൂടെയും വിശ്വാസപൈതൃകത്തിലൂടെയും അത് അനുഭവമായി കൈമാറപ്പെടേണ്ടതുണ്ടെന്നും ബിഷപ്പ് പറഞ്ഞു. സീറോ മലബാർ സിറിയൻ കമ്മ്യൂണിറ്റിയെന്ന വ്യക്തമായ ഐഡന്റിറ്റി രൂപതയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും  മാർ ജോൺ പനന്തോട്ടത്തിൽ ചൂണ്ടിക്കാട്ടി.


ഇട‌വകയിലെ 39 കുട്ടികളുടെ ആദ്യകുർബാന സ്വീകരണത്തിന് ശേഷം

രൂപത വിശുദ്ധ കുർബാന കേന്ദ്രീകൃതമായ വിശ്വാസസമൂഹമാണെന്നും എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിലൂടെ വിശ്വാസജീവിതം ശക്തിപ്പെടുകയും ദൈവിക അനുഗ്രഹങ്ങൾ പ്രാപിക്കാനാകുകയും ചെയ്യുമെന്ന് ഓർമ്മിപ്പിച്ചു. കുടുംബങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും കുട്ടികളെ വിശ്വാസത്തിലും സാംസ്കാരിക പൈതൃകത്തിലും വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് നിർണായക ഉത്തരവാദിത്വമുണ്ടെന്നും മാർ ജോൺ പനന്തോട്ടത്തിൽ ആഹ്വാനം ചെയ്തു.

ഇ‌ടവക സന്ദർശനത്തിന്റെ ഭാഗമായി ഇടവകയിലെ 39 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും ന‌‌‌‌ടന്നു. 18ന് രാവിലെ ന‌ടന്ന ചടങ്ങിന് മാർ ജോൺ പനന്തോട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.

ഫോട്ടോ : അമൽ മൈക്കിൾ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.