ഡല്‍ഹി/കൊച്ചി: രാജ്യത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ലഹരി മരുന്ന് കടത്ത് ആസൂത്രണം പൊളിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്. ഡല്‍ഹിയിലെ വെയര്‍ഹൗസില്‍ തടഞ്ഞുവെച്ച 30,000 കിലോഗ്രാം തൂക്കം വരുന്ന 12 കോടി ട്രാമഡോള്‍ ഗുളികകളാണ് ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിലൂടെ സി.ബി.എന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ 1000 കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടികൂടിയ ഗുളികശേഖരം.
കേസില്‍ നിര്‍ണായക പങ്കുവഹിച്ച തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെ കൊച്ചി ഇടപ്പള്ളിയില്‍ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. ലഹരിക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബംഗളൂരു ആസ്ഥാനമായ മരുന്ന് കമ്പനിയുടെ ഡയറക്ടറെ ബംഗളൂരുവില്‍ നിന്നും അന്വേഷണ സംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗിനിയ-ബിസാവുവിലേക്ക് കയറ്റി അയക്കാന്‍ എന്ന വ്യാജേന വ്യാജ രേഖകള്‍ ചമച്ച് സംഘര്‍ഷ മേഖലയായ ലിബിയയിലേക്ക് ലഹരി മരുന്ന് കടത്താനായിരുന്നു പ്രതികളുടെ നീക്കം.
വന്‍ തോതില്‍ വേദന സംഹാരി ഗുളികകള്‍ കയറ്റുമതി ചെയ്യുന്നതിലെ സംശയത്തെത്തുടര്‍ന്ന് സി.ബി.എന്‍ സംഘം അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവു അധികൃതരുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കയറ്റുമതി രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കൊച്ചി, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ നടന്ന സംയുക്ത റെയ്ഡിലാണ് വന്‍ ലഹരി മരുന്ന് സംഘം വലയിലായത്.
അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. യുദ്ധ മേഖലകളില്‍ ആവേശം നിലനിര്‍ത്താന്‍ ലഹരിമരുന്നായി ഉപയോഗിക്കുന്ന ഉയര്‍ന്ന അളവിലുള്ള ട്രാമഡോള്‍ ഗുളികകളാണ് പിടിച്ചെടുത്തവയില്‍ ഏറിയ പങ്കും. കേസിന്റെ വ്യാപ്തിയും രാജ്യാന്തര മാഫിയ ബന്ധങ്ങളും കണക്കിലെടുത്ത് സംഭവത്തില്‍ സി.ബി.എന്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.