നീറ്റ്-സിബിഎസ്ഇ വിവാദം: പ്രതിപക്ഷം വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാന്‍

നീറ്റ്-സിബിഎസ്ഇ വിവാദം: പ്രതിപക്ഷം വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ, കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനല്ല, മറിച്ച് വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

പരീക്ഷാ ക്രമക്കേടില്‍ പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം സഭ തടസപ്പെടുത്തുകയാണ് ചെയ്തതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ഉത്തരവാദിത്തവും ഉറപ്പും നല്‍കുന്ന നടപടികളാണ് ആവശ്യം. എന്നാല്‍ അവരെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കാനും മാത്രമേ ഉപകരിക്കൂവെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനായി പാര്‍ലമെന്റില്‍ എല്ലാ ന്യായമായ ആശങ്കകളും ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള രാഷ്ട്രീയ നാടകങ്ങളേക്കാള്‍ പ്രധാനം വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ ഉത്തരങ്ങളും ആവശ്യമായ പരീക്ഷാ പരിഷ്‌കരണങ്ങളും നല്‍കുക എന്നതാണെന്നും, അതിനായി ഉത്തരവാദിത്തത്തോടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.